റാലി ഫോര്‍ വാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നു പോയ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുജറാത്ത് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

തൃശൂരിലെ സല്‍സബീല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് റാലിയില്‍ പങ്കെടുത്തതിന് ഗുജറാത്ത് പൊലീസിന്റെ മര്‍ദ്ദനമേറ്റത്

റാലി ഫോര്‍ വാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നു പോയ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുജറാത്ത് പൊലീസിന്റെ ക്രൂരമര്‍ദ്ദനം

നര്‍മ്മദാ പ്രക്ഷോഭത്തിന്റെ ഭാഗമായി മേധാപട്കറുടെ നേതൃത്വത്തില്‍ നടത്തിയ 'റാലി ഫോര്‍ വാലി' യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയ മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുജറാത്ത് പൊലീസിന്റെ മര്‍ദ്ദനം. തൃശൂര്‍ സല്‍സബീല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ശ്രീലക്ഷ്മി, ഹാഷിം രിഫ എന്നിവരടക്കം അഞ്ച് കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.റാലിക്കെതിരെ ഗുജറാത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും മേധാപട്ക്കര്‍ അടക്കമുള്ള സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബസില്‍ കയറ്റിയ സ്‌കൂള്‍ കുട്ടികളെ പൊലീസ് ബസില്‍നിന്നും വലിച്ചിഴച്ച് പിന്നെയും മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളെ പിന്നീട് പൊലീസ് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിരവധി ജനകീയ സമരങ്ങളില്‍ പതിറ്റാണ്ടുകളായി പങ്കെടുക്കുകയും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന തൃശൂരിലെ സല്‍സബീല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈനബയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഇന്‍ഡോറില്‍ എത്തിയത്. പരിസ്ഥിതി ദിനത്തില്‍ ഇന്‍ഡോറില്‍ പ്രതിഷേധ യാത്ര നിന്നാരംഭിച്ചു ഗുജറാത്തിലൂടെ മഹാരാഷ്ട്രയില്‍ സമാപിക്കാനായിരുന്നു നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആക്ടിവിസ്റ്റുകളും കലാകാരന്‍മാരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത യാത്ര ഇന്ന് ഗുജറാത്ത് അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് കിരാതമായ പൊലീസ് നടപടിയുണ്ടായത്.

നര്‍മ്മദ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിളായിരുന്നു ഈ നീക്കം. കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുന്ന വിധത്തിലാണ് അണക്കെട്ട് നിര്‍മ്മാണമെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു വന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായില്ല എന്ന് നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ പറയുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നിന്നും രണ്ടു ലക്ഷത്തിലധികം ആളുകളുടെ അധിവാസ സ്ഥലങ്ങളെ ഇല്ലാതാക്കുന്നതാണ് അണക്കെട്ട് നിര്‍മ്മാണമെന്നും ഇവര്‍ പറയുന്നു. മധ്യപ്രദേശില്‍നിന്നും ആരംഭിച്ച യാത്ര സമാധാനപരമായി ചോട്ടാ ഉദയ്പൂര്‍ ജില്ലയിലെ അവതാ ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ ഗുജറാത്ത് പൊലീസ് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് നര്‍മദാ ബച്ചാവോ ആന്ദോളന്‍ വ്യക്തമാക്കി. ഗുജറാത്തില്‍ കടക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പൊലീസിന്റെ ഉത്തരവ്.

എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നിഷേധിക്കുന്നത് എന്നാരാഞ്ഞപ്പോള്‍ ഒരു രേഖയും നല്‍കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തുടര്‍ന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. മേധാ പട്കര്‍, പരിസ്ഥിതി നോബല്‍ സമ്മാനമായി അറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ പുരസ്‌കാരം ഇത്തവണ നേടിയ പ്രഫുല്ല സമാന്തര, മുതിര്‍ന്ന ഗാന്ധിയന്‍ നേതാവായ നിത മഹാദേവ് എന്നിവരടക്കം 60 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ജാമ്യം നല്‍കാനും പൊലീസ് വിസമ്മതിക്കുന്നതായി ആന്ദോളന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.