വൈരാഗ്യം തീർക്കാൻ കാരണമായും പശു; ഉജ്ജയിനിയില്‍ ഗോവധം ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു

അക്രമികള്‍ മാദ്ധ്യമശ്രദ്ധ കിട്ടാനായി മനഃപൂര്‍വ്വം പശുവിന്‌റെ പേര് ഉപയോഗിക്കുകയായിരുന്നെന്നും ഉജ്ജയിനി പൊലീസ് സൂപ്രണ്ട് മനോഹര്‍ സിംങ് വര്‍മ്മ പറഞ്ഞു.

വൈരാഗ്യം തീർക്കാൻ കാരണമായും പശു; ഉജ്ജയിനിയില്‍ ഗോവധം ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു

പശുവിനെ അറുത്തെന്നാരോപിച്ചു യുവാവിനെ മര്‍ദ്ദിച്ച നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി പട്ടണത്തിലെ ഒരു ക്ഷേത്രത്തിന് അരികിലാണു സംഭവം. അപ്പു മാളവിയ എന്നയാള്‍ക്കാണു മര്‍ദ്ദനമേറ്റത്.

ആക്രമികളില്‍ ഒരാളായ ചേതന്‍ ശങ്കള എന്നയാളില്‍ നിന്നും അപ്പു ആയിരം രൂപ കടം വാങ്ങിയിരുന്നു. അതു തിരിച്ചു കൊടുക്കാന്‍ പോയപ്പോഴാണു അപ്പുവിനു മര്‍ദ്ദനമേറ്റതെന്നു ഉജ്ജയിനി പൊലീസ് പറയുന്നു. പശുവിനെ അറുത്തതുമായി അപ്പുവിനു യാതൊരു ബന്ധവുമില്ലെന്നും പൊലീസ് അറിയിച്ചു.

മര്‍ദ്ദനത്തിന്‌റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെല്‍റ്റുപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്യുകയാണ് അവര്‍. നീ പശുവിനെ കൊല്ലുമോയെന്ന് ആവര്‍ത്തിച്ചു പറയുന്നതും കേള്‍ക്കാം. 'നീ ഒരു ഹിന്ദു ആയിട്ടും പശുവിനെ അറുക്കാന്‍ കൂടിയതു നാണക്കേടാണ്,' എന്നും ഒരാള്‍ പറയുന്നു. മാളവിയ കള്ളനാണെന്നും ആരോപിക്കുന്നുണ്ട്. പശുവിനെ അറുക്കുന്നതുമായി ബന്ധപ്പെട്ടു കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ഉജ്ജയിനി പൊലീസ് സൂപ്രണ്ട് മനോഹര്‍ സിംങ് വര്‍മ്മ പറഞ്ഞതു പണവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം എന്നാണ്. അക്രമികള്‍ മാദ്ധ്യമശ്രദ്ധ കിട്ടാനായി മനഃപൂര്‍വ്വം പശുവിന്‌റെ പേര് ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


ഇത്തരം വീഡിയോകള്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നതു കൊണ്ട് അവര്‍ പ്രശസ്തിയ്ക്കു വേണ്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വര്‍മ്മ പറഞ്ഞു.

വീഡിയോ വൈറലായതിനു ശേഷമാണു പൊലീസ് കേസെടുത്തത്. പൊലീസില്‍ പരാതിപ്പെടാന്‍ മാളവിയയ്ക്കും ഭയമായിരുന്നു. പ്രതികള്‍ക്കെതിരേ മര്‍ദ്ദിച്ചതിനും, പൊതുസ്ഥലത്തു വച്ച് അക്രമം നടത്തിയതിനും, ക്രിമിനല്‍ ഭീഷണിയ്ക്കും കേസെടുത്തിട്ടുണ്ട്.

Story by