പശുക്കൾക്ക് ജിപിഎസ്സുമായി ​ഗുജറാത്ത് സർക്കാർ; ഒപ്പം ​ഗോസേവ മൊബൈൽ ആപ്പും

ആദ്യഘട്ടമെന്ന നിലയിൽ 50,000 പശുക്കൾക്കാണ് ചിപ്പ് വയ്ക്കുക. പശു സംരക്ഷണം ലക്ഷ്യമിട്ടാണ് ചിപ്പ് പദ്ധതി. പശുവിന്റെ ഇനം, വയസ്, പാല്‍ ചുരത്തുന്ന അളവ്, ഉടമസ്ഥന്റെ പേര്, ആരോഗ്യ വിവരങ്ങള്‍, നേരത്തെ വളര്‍ന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവയ്ക്കു പുറമേ വെവ്വേറെ നമ്പരും പശുക്കളുടെ തലയിലെ ചിപ്പിലുണ്ടാകും.

പശുക്കൾക്ക് ജിപിഎസ്സുമായി ​ഗുജറാത്ത് സർക്കാർ; ഒപ്പം ​ഗോസേവ മൊബൈൽ ആപ്പും

പശുക്കളുടെ ചെവിയിൽ ജിപിഎസ് ഘടിപ്പിക്കാനൊരുങ്ങി ​ഗുജറാത്ത് സർക്കാർ. ഗുജറാത്ത് ഗോസേവയും ഗോചാര്‍ വികാസ് ബോര്‍ഡും ചേര്‍ന്നാണ് പശുക്കളുടെ ചെവിയില്‍ ജിപിഎസ് അടങ്ങിയ ചിപ്പ് വയ്ക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 50,000 പശുക്കൾക്കാണ് ചിപ്പ് വയ്ക്കുക. പശു സംരക്ഷണം ലക്ഷ്യമിട്ടാണ് ചിപ്പ് പദ്ധതി.

പശുവിന്റെ ഇനം, വയസ്, പാല്‍ ചുരത്തുന്ന അളവ്, ഉടമസ്ഥന്റെ പേര്, ആരോഗ്യ വിവരങ്ങള്‍, നേരത്തെ വളര്‍ന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവയ്ക്കു പുറമേ വെവ്വേറെ നമ്പരും പശുക്കളുടെ തലയിലെ ചിപ്പിലുണ്ടാകും. 2017-18 വർഷത്തിൽ പദ്ധതിക്കായി 2.78 കോടിയാണ് ​ഗുജറാത്ത് സർക്കാർ അനുവദിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാനായി ​ഗുജറാത്ത് ഇൻഫോ പെട്രോ ലിമിറ്റഡ് എന്ന കമ്പനിയുമായി ഗോചാര്‍ വികാസ് ബോര്‍ഡ് കരാർ ഒപ്പിട്ടുകഴിഞ്ഞു.

പശു എവിടെയുണ്ടെന്ന് ഉടമയ്ക്കു കൃത്യമായി അറിയാൻ കഴിയുമെന്നും കാലികളെ അറുക്കുന്ന പ്രശ്‌നങ്ങളില്‍ പെട്ടന്നു പരിഹാരം ഉണ്ടാകുമെന്നും പദ്ധതിയുടെ മുഖ്യ സൂത്രധാരനും ഗോചാര്‍ വികാസ് ബോര്‍ഡ് ചെയര്‍മാനുമായ ഡോക്ടര്‍ വല്ലഭ് കത്തിരിയ പറഞ്ഞു. ബം​ഗളുരുവിലെ നാനോ കെർണൽ എന്ന ഐടി കമ്പനിയാണ് ചിപ്പ് രൂപകൽപ്പന ചെയ്യുന്നത്. പ്രധാനമായും മൂന്നു ഘടകങ്ങളാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ളതെന്ന് കമ്പനിയുടെ പ്രോജക്ട് കോഡിനേറ്ററായ ഡോ. കിരണ‍ ബലികായ് പറഞ്ഞു. പശുക്കളുടെ ചെവിയിൽ മൈക്രോചിപ്പ്, റേഡിയോ ഫ്രീക്വൻസി ഡിവൈസ്, കൗസേവ ആപ്പ് എന്നിവയാണവ.

എന്നാൽ, പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. പശുവിന്റെ ചെവിയിലാണ് ചിപ്പ് ഘടിപ്പിക്കുന്നതെന്നിരിക്കെ മോഷ്ടാക്കൾക്കു അത് എടുത്തുമാറ്റുകയോ ചെവി മുറിച്ചുകളുകയോ ചെയ്യാമെന്നതാണ് പ്രധാന വിമർശനം. അതിനാൽ തന്നെ അത് കാലികൾക്ക് ഉപദ്രവം ഉണ്ടാക്കുകയേ ചെയ്യൂ. തീര്‍ത്തും മണ്ടൻ തീരുമാനമാണിതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ സാഗര്‍ റാബറിയെപ്പോലുള്ളവര്‍ പറയുന്നു.

ഝാർഖണ്ഡ് സർക്കാർ പശുക്കൾക്ക് ആധാറും യുപി സർക്കാർ ആംബുലൻസും ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ​ഗുജറാത്തിൽ അവയ്ക്കായി ജിപിഎസ് ചിപ്പ് ഘടിപ്പിക്കാനൊരുങ്ങുന്നത്. നേരത്തെ, നേരത്തെ വാഹനങ്ങള്‍ തട്ടാതിരിക്കാന്‍ പശുവിനെ തിരിച്ചറിയുന്ന സെന്‍സര്‍ ഗുജറാത്തിലെ ചില ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരുന്നു.