ഗൗരി ലങ്കേഷ് വധം; തീവ്രഹിന്ദു സംഘടനയുടെ പങ്ക് വ്യക്തമാകുന്നു: നേതാവിനെ തെരഞ്ഞ് പൊലീസ്

മഹാരാഷ്ട്ര പൊലീസുമായി സഹകരിച്ചാണ് അന്വേഷണസംഘം മുന്നോട്ടുപോവുക. എംഎം കല്‍ബുര്‍ഗി, നരേന്ദ്രധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകവുമായി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

ഗൗരി ലങ്കേഷ് വധം; തീവ്രഹിന്ദു സംഘടനയുടെ പങ്ക് വ്യക്തമാകുന്നു: നേതാവിനെ തെരഞ്ഞ് പൊലീസ്

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തീവ്ര ഹിന്ദു സംഘടനകളിലേക്കും. മഹാരാഷ്ട്ര ആസ്ഥാനമായുള്ള സനാതന്‍ സന്‍സ്ഥയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതോടൊപ്പം ഗോവ ആസ്ഥാനമായുള്ള ചില സംഘടനകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ രണ്ടു കൊലപാതകങ്ങളിലും സനാതന്‍ സന്‍സ്ഥാ നേതാവ് രുദ്രാ പാട്ടീലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. എന്നാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. രുദ്രാപാട്ടീലിനെ കണ്ടെത്തിയാല്‍ അന്വേഷണത്തിന് തുമ്പുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ അതിനാല്‍ മഹാരാഷ്ട്ര പൊലീസുമായി സഹകരിച്ചാണ് അന്വേഷണസംഘം മുന്നോട്ടുപോവുക. 2009 ല്‍ ഗോവയില്‍ നടന്ന സ്‌ഫോടനക്കേസില്‍ പ്രതിയായ രുദ്രാപാട്ടീലിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.


കര്‍ണാടകയിലെ പുരോഗമന സാഹിത്യകാരന്‍ എംഎം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ യുക്തി ചിന്തകനായ നരേന്ദ്രധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകവുമായി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. നാല് കൊലപാതകങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം. ഇവരെ കൊലപ്പെടുത്തിയത് 7.65 എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെടുത്ത വെടിയുണ്ടകള്‍ കസ്റ്റഡിയില്‍ വാങ്ങി പരിശോധിക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. കല്‍ബുര്‍ഗി വധത്തില്‍ തയ്യാറാക്കിയ രേഖാചിത്രത്തിന് രുദ്രാപാട്ടീലിന്റെ മുഖവുമായി സാദൃശ്യമുണ്ടായിരുന്നു. നേപ്പാളിലേക്ക് ഇയാള്‍ കടന്നതായും അഭ്യൂഹങ്ങളുണ്ട്.


അതിനിടെ ബെംഗളുരുവില്‍ സാഹിത്യോത്സവം സംഘടിപ്പിച്ച വിക്രം സമ്പത്തില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. ഈ ചടങ്ങില്‍ ഗൗരി ലങ്കേഷ് പങ്കെടുത്തിരുന്നു. മൊഴിയെടുക്കലിന് പിന്നാലെ ബിജെപി നേതാവ് സുരേഷ്‌കുമാര്‍, വിക്രം സമ്പത്തിനെ സന്ദര്‍ശിക്കാനെത്തിയത് ഏറെ വിവാദമായിരുന്നു. ഗൗരി ലങ്കേഷിനെ വധിച്ച പ്രതി സഞ്ചരിച്ചുവെന്ന് കരുതുന്ന പള്‍സര്‍ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടങ്ങിക്കഴിഞ്ഞു. സിസിടിവി ക്യാമറയില്‍ ചുവപ്പ് നിറമുള്ള ബൈക്കിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമായിട്ടില്ല. എത്രയും വേഗം പ്രതികളെ കണ്ടെത്താനാകുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Read More >>