'വോട്ടിംഗ് യന്ത്രം തരൂ, ഞങ്ങള്‍ കൃത്രിമം തെളിയിക്കാം': തെരഞ്ഞെടുപ്പ് കമ്മീഷനോട് കെജ്‌റിവാള്‍

യന്ത്രത്തിലെ നവീനമായ സോഫ്റ്റ്‌വെയര്‍ കൃത്രിമം കാണിക്കാന്‍ സഹായിക്കുന്നതാണെന്ന് കെജ്‌റിവാള്‍ പറഞ്ഞു

വോട്ടിംഗ് യന്ത്രം തരൂ, ഞങ്ങള്‍ കൃത്രിമം തെളിയിക്കാം: തെരഞ്ഞെടുപ്പ് കമ്മീഷനോട് കെജ്‌റിവാള്‍

വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ രംഗത്തെത്തി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ഗുരുതരമായ ക്രമക്കേടുകളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് യന്ത്രം ലഭ്യമാക്കുകയാണെങ്കില്‍ തട്ടിപ്പ് തെളിയിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

യന്ത്രത്തിലെ നവീനമായ സോഫ്റ്റ്‌വെയര്‍ കൃത്രിമം കാണിക്കാന്‍ സഹായിക്കുന്നതാണെന്ന് കെജ്‌റിവാള്‍ പറഞ്ഞു. ''വോട്ടിംഗ് യന്ത്രത്തിലെ സോഫ്റ്റ്‌വെയര്‍ എന്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തിന്് മുന്നില്‍ വെളിപ്പെടുത്തണം'' കെജ്‌റിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പുകളെ കോമാളിക്കളിയാക്കി മാറ്റിയതായും അദ്ദേഹം കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിനായി 300 വോട്ടിംഗ് യന്ത്രങ്ങള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് കൊണ്ടുപോയതായി കെജ്‌റിവാള്‍ ആരോപിച്ചു. മാര്‍ച്ച് 11ന് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ഏപ്രില്‍ 26ന് മുമ്പായി വോട്ടിംഗ് യന്ത്രങ്ങള്‍ അവിടെ നിന്ന് മാറ്റാന്‍ പാടില്ലായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിന് ശേഷം മാത്രമേ വോട്ടിംഗ് യന്ത്രങ്ങള്‍ അവിടെ നിന്ന് മാറ്റാവൂ എന്നാണ് നിയമമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. 72 മണിക്കൂര്‍ നേരത്തേയ്ക്ക് വോട്ടിംഗ് യന്ത്രം തങ്ങള്‍ക്ക് ലഭ്യമാക്കുകയാണെങ്കില്‍ കള്ളത്തരം തെളിയിക്കാനാകുമെന്ന് കെജ്‌റിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചു. ഈയിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രത്തില്‍ വ്യാപകമായി കൃത്രിമം നടന്നതായുള്ള ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ അറിയിച്ചിരുന്നു.