പൂവാല ശല്യം: എണ്‍പത് പെണ്‍കുട്ടികളുടെ എട്ട് ദിവസത്തെ നിരാഹാരം; സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹരിയാന സര്‍ക്കാര്‍

കിലോമീറ്ററുകള്‍ക്കപ്പുറമുള്ള സ്‌കൂളിലേക്ക് പോകുമ്പോഴുള്ള ഉപദ്രവവും പൂവാല ശല്യവും സഹിക്കാന്‍ വയ്യാതെയാണ് ഗോത്ര താപ്പ ഡഹിനാ ഗ്രാമത്തിലെ എണ്‍പത് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. ഗ്രാമത്തില്‍ കോഴ്‌സ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയെങ്കിലും കുട്ടികള്‍ വഴങ്ങിയില്ല. ഉത്തരവിറക്കി അഡ്മിഷന്‍ ആരംഭിച്ചപ്പോഴാണ് പെണ്‍കുട്ടികള്‍ നിരാഹാരസമരം അവസാനിപ്പിച്ചത്.

പൂവാല ശല്യം: എണ്‍പത് പെണ്‍കുട്ടികളുടെ എട്ട് ദിവസത്തെ നിരാഹാരം; സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹരിയാന സര്‍ക്കാര്‍

ഗ്രാമത്തില്‍ പ്ലസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ റെവാഡി ജില്ലയില്‍ എണ്‍പത് വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരം വിജയിച്ചു. പ്ലസ് വണ്‍, പ്ലസ് ടു കോഴ്‌സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും അഡ്മിഷന്‍ ഇന്നാരംഭിക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടികള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. നിലവില്‍ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള സ്‌കൂളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ പൂവാല ശല്യവും ഉപദ്രവവും സഹിക്കാതെ വന്നപ്പോഴാണ് സമരരംഗത്തിറങ്ങിയത്.

റെവാഡി ജില്ലയിലെ ഗോത്ര താപ്പ ഡഹിന ഗ്രാമത്തിലെ എണ്‍പത് വിദ്യാര്‍ത്ഥിനികളാണ് സമരരംഗത്തിറങ്ങിയത്. ഇവിടെയുള്ള സ്‌കൂളില്‍ പത്താം ക്ലാസ് വരെയേ പഠനം ഉള്ളൂ. ഉപരിപഠനത്തിനായി മൂന്നു കിലോമീറ്ററിനപ്പുറമുള്ള കന്‍വാലിയിലെ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിനെയാണ് ഇവർ ആശ്രയിക്കുന്നത്. ഇവിടേക്കുള്ള യാത്രയില്‍ ദിവസവും ചിലര്‍ ഉപദ്രവിക്കാറുണ്ടെന്നാണ് പെണ്‍കുട്ടികളുടെ പരാതി.

എട്ട് ദിവസമായി വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന നിരാഹാരം അവസാനിപ്പിക്കാന്‍ ഇന്നലെ ശ്രമമുണ്ടായി. ഗ്രാമത്തിലെ സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി റാം ബിലാസ് ശര്‍മ്മ വാക്കാല്‍ ഉറപ്പു നല്‍കിയെങ്കിലും പിന്മാറാന്‍ വിദ്യാര്‍ത്ഥിനികള്‍ തയ്യാറായില്ല. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ കോഴ്‌സ് അനുവദിച്ച് ഉത്തരവിറക്കിയതിനു ശേഷമാണ് സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ തയ്യാറായത്.

ഇതോടെ ഇന്ന് എണ്‍പത് പെണ്‍കുട്ടികളും ഗ്രാമത്തിലെ സ്‌കൂളിലേക്ക് മാറി. ചട്ടപ്രകാരം ഒന്‍പത്, പത്ത് ക്ലാസുകളില്‍ 150 വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ മാത്രമേ സ്‌കൂള്‍, ഹയര്‍ സെക്കന്‍ണ്ടറിയായി അപ്‌ഗ്രേഡ് ചെയ്യുകയുള്ളൂ. ഗോത്രയിലെ സ്‌കൂളില്‍ എണ്‍പത് പേരേ ഉള്ളൂവെങ്കിലും പെണ്‍കുട്ടികളുടെ സമരത്തെ തുടര്‍ന്ന് ഹയര്‍സെക്കന്‍ണ്ടറിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

കഴിഞ്ഞ ആഴ്ച സോനേപത്തില്‍ 23 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയി കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നുണ്ടായ പ്രതിഷേധം അവസാനിക്കുന്നതിനു മുമ്പാണ് വിദ്യാര്‍ത്ഥിനികളുടെ സമരം. രാഷ്ട്രീയ കാരണങ്ങളാണ് പെണ്‍കുട്ടികളുടെ സമരത്തിനു പിന്നിലെന്നു പറഞ്ഞ് അവഗണിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമമെങ്കിലും വിദ്യാര്‍ത്ഥിനികള്‍ വഴങ്ങിയില്ല. പ്രാദേശിക ബിജെപി നേതാക്കളുടെ പിന്തുണ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചതോടെ സമരത്തിനു മുന്നില്‍ ബിജെപി നേതൃത്വം നൽകുന്ന സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.