'ഗര്‍ഭ് വിഗ്യാന്‍ സന്‍സ്‌കാര്‍': സൗന്ദര്യവും ഉയര്‍ന്ന ഐക്യുവുമുള്ള വെളുത്ത കുട്ടികളുണ്ടാകാനുള്ള പദ്ധതിയുമായി ആര്‍എസ്എസ്

ഗര്‍ഭാവസ്ഥയില്‍ സ്ത്രീ മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലുന്നത് കുട്ടിയുടെ ശാരീരിക-മാനസിക വളര്‍ച്ചയെ പരിപോഷിപ്പിക്കുമെന്നും ഇത്തരത്തില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവവേദന അനുഭവപ്പെടുകയില്ലെന്നും പദ്ധതിയുടെ ഭാരവാഹികള്‍ പറയുന്നു. ഇത്തരത്തില്‍ 'ഉത്തമ' സന്തതികളെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു

ഗര്‍ഭ് വിഗ്യാന്‍ സന്‍സ്‌കാര്‍: സൗന്ദര്യവും ഉയര്‍ന്ന ഐക്യുവുമുള്ള വെളുത്ത കുട്ടികളുണ്ടാകാനുള്ള പദ്ധതിയുമായി ആര്‍എസ്എസ്

സൗന്ദര്യവും ഉയര്‍ന്ന ഐ ക്യുവുമുള്ള വെളുത്ത കുട്ടികളുണ്ടാകാനുള്ള പദ്ധതിയുമായി ആര്‍എസ്എസ്. ആർഎസ്എസിന്റെ കീഴിലുള്ള ആരോ​ഗ്യഭാരതി എന്ന സംഘടനയാണ് 'ഉത്തമ' സന്തതികളെ സൃഷ്ടിക്കാനെന്ന പേരിൽ വിവാദ പദ്ധതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വെളുത്ത് ഉയരമുള്ള 'ഉത്തമരായ' കുട്ടികളെ സൃഷ്ടിക്കുന്ന 'ഗര്‍ഭ് വിഗ്യാന്‍ സന്‍സ്‌കാര്‍' പദ്ധതിയിലൂടെ രാജ്യത്ത് 2020ഓടെ ആയിരക്കണക്കിനു കുട്ടികളെ സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ഒരുങ്ങുന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുജറാത്തില്‍ ഈ പദ്ധതി ആരംഭിച്ചിരുന്നു. 2015ഓടെ ദേശീയതലത്തിലേക്കു വ്യാപിപ്പിച്ച പദ്ധതി വഴി 'ഇഷ്ടാനുസൃത' സന്തതികളെ ഉല്‍പാദിപ്പിക്കാമെന്നാണ് ആര്‍എസ്എസ് വാദം. ഇതിനായി മധ്യപ്രദേശിലും ഗുജറാത്തിലുമായി ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ കീഴില്‍ 10 കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ''പദ്ധതി വഴി ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 2020ഓടെ ആയിരക്കണക്കിനു 'ഉത്തമ' സന്തതികളെ സൃഷ്ടിക്കാനാണ് ശ്രമം''- പദ്ധതിയുടെ ദേശീയ കണ്‍വീനര്‍ കരിഷ്മ മോഹന്‍ദാസ് നര്‍വാനി പറഞ്ഞു. ലോകമഹായുദ്ധത്തിനു ശേഷം ജര്‍മനി 'ഉത്തമ' സന്തതികളെ സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കിയതായും ഇതിനു സമാനമായാണ് ആര്‍എസ്എസ് ഇന്ത്യയില്‍ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''ചില മാതാപിതാക്കള്‍ക്ക് ഐ ക്യുവും വിദ്യാഭ്യാസവും ഉയരവും കുറവായിരിക്കും. എന്നാല്‍ ഇവര്‍ക്കു വെളുത്ത നിറവും സൗന്ദര്യവും ഉയരവുമുള്ള കുട്ടികള്‍ക്ക് ജന്മം കൊടുക്കാനാകും'' ആരോഗ്യ ഭാരതി ദേശീയ കണ്‍വീനര്‍ ഡോ. ഹിതേഷ് ജാനി പറഞ്ഞു. ഇത്തരത്തില്‍ 'ഉത്തമ' സന്തതികളെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഹിന്ദു പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഗുജറാത്ത് സര്‍വകലാശാലയിലെ പഞ്ചകര്‍മ വിഭാഗം തലവന്‍ കൂടിയായ ഹിതേഷ് പറഞ്ഞു. പദ്ധതിയുടെ കീഴില്‍ ഇതുവരെ 450 'ഉത്തമ' സന്തതികളെ സൃഷ്ടിച്ചതായി ഭാരവാഹികള്‍ അവകാശപ്പെടുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ ഭാരതി ഡല്‍ഹി, മുംബൈ, ഉഡുപ്പി, കാസര്‍കോട്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതായും ഭാരവാഹികള്‍ പറയുന്നു. സ്വാഭാവിക ഗര്‍ഭധാരണത്തിനെ തടസ്സപ്പെടുത്തുകയല്ല, മറിച്ച ഗര്‍ഭധാരണത്തില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് ഹിതേഷ് പറയുന്നു. ''കുട്ടികളുടെ ശാരീരികവും മാനസികവുമായ രൂപപ്പെടുത്തലിനെക്കുറിച്ച് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ഗര്‍ഭധാരണത്തിന്റെ ആറാം മാസത്തിലാണ് കുട്ടിയുടെ ഐ ക്യു രൂപപ്പെടുക. ഈ സമയത്ത് മാതാവ് കഴിക്കുന്ന ഭക്ഷണം, കേള്‍ക്കുന്ന പാട്ടുകള്‍, വായിക്കുന്ന പുസ്തകങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി കുട്ടിയെ രൂപപ്പെടുത്താനാവും'' കരിഷ്മ മോഹന്‍ദാസ് പറയുന്നു. ജനിതക വൈകല്യങ്ങള്‍ അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്കു പകരാതിരിക്കാനുള്ള കാര്യങ്ങളാണ് പദ്ധതിയുടെ കീഴില്‍ ചെയ്യുന്നതെന്ന് അവര്‍ അവകാശപ്പെട്ടു.

ജംനാനഗര്‍ സര്‍വകലാശാല, ഗാന്ധിനഗറിലെ കുട്ടികളുടെ സര്‍വകലാശാല, ഭോപ്പാലിലെ അടല്‍ ബിഹാരി വാജ്‌പേയി സര്‍വകലാശാല എന്നിവ പദ്ധതിയുമായി സഹകരിക്കുന്നതായി കരിഷ്മ പറഞ്ഞു. മുതിര്‍ന്ന ഒരു ആര്‍എസ്എസ് നേതാവിന് 40 വര്‍ഷം മുമ്പ് ജര്‍മനിയില്‍ നിന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട ആശയം ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഗര്‍ഭാവസ്ഥയില്‍ സ്ത്രീ മന്ത്രങ്ങളും ശ്ലോകങ്ങളും ചൊല്ലുന്നത് കുട്ടിയുടെ മാനസിക-ശാരീരിക വളര്‍ച്ചയെ പോഷിപ്പിക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു. ഇത്തരത്തില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവവേദന അനുഭവപ്പെടുകയില്ലെന്നും കരിഷ്മ പറഞ്ഞു.