ഗംഗയും യമുനയും ഇനി മനുഷ്യനു തുല്യം; നദികള്‍ക്കു നിയമപരമായ രക്ഷിതാക്കളേയും നിശ്ചയിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി

പുണ്യനദികളെന്ന വിശേഷണമുള്ള ഗംഗ, യമുനാ നദികളെ വ്യക്തികളുടെ പദവി നല്‍കി. ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങള്‍ക്കും ഈ നദികളും അര്‍ഹരാണെന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി. നദികള്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്നത് കണക്കിലെടുത്താണ് കോടതിയുടെ ചരിത്രവിധി

ഗംഗയും യമുനയും ഇനി മനുഷ്യനു തുല്യം; നദികള്‍ക്കു നിയമപരമായ രക്ഷിതാക്കളേയും നിശ്ചയിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി

ഗംഗ, യമുന നദികളെ വ്യക്തികളായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ചരിത്രവിധി. പുണ്യനദികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗംഗയും യമുനയും നിലനില്‍പ്പു ഭീഷണി നേരിടുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ രാജീവ് ശര്‍മ്മ, അലോക് സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് സുപ്രധാന വിധിപ്രഖ്യാപനം നടത്തിയത്. ഹരിദ്വാര്‍ സ്വദേശി മുഹമ്മദ് സലീം നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി.

കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഒഴിപ്പിക്കണമെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന എല്ലാ അവകാശാധികാരങ്ങള്‍ക്കും ഈ നദികള്‍ അര്‍ഹരാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. നമാമി ഗംഗാ പദ്ധതി ഡയറക്ടര്‍, ഉത്തരാകണ്ഡ് ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരായിരിക്കും നദി സംരക്ഷണത്തിനുള്ള 'നിയമപരമായ രക്ഷിതാക്കള്‍'. ഈ നദികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തേണ്ട ചുമതല ഇവര്‍ക്കാണ്.

ന്യൂസിലാന്‍ഡിലെ വാങ്‌നൂയി നദിക്കാണ് ലോകത്ത് ആദ്യമായി വ്യക്തിപദവി ലഭിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇത്. ന്യൂസിലാന്‍ഡിലെ മാവോറി ജനത പുണ്യനദിയായി ആരാധിക്കുന്ന വാങ്‌നൂയിക്ക് 170 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് വ്യക്തിപദവി ലഭിച്ചത്.

നിയമപരമായി വ്യക്തികളെ സൃഷ്ടിക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി നല്‍കിയിട്ടുള്ള വിധികളുടേയും ബരണഘടനാ വകുപ്പുകളുടേയും ചുവട് പിടിച്ചാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിപ്രഖ്യാപനം. ഗംഗയും, യമുനയും മാത്രമല്ല, അവയുടെ പോഷക നദികളും, അരുവികളും, നദിയിലെ വെള്ളവും നിയമപരമായി വ്യക്തിത്വമുള്ളവരായിരിക്കും.

സമൂഹത്തിന്റെ ആവശ്യങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്ത് ചിലതിന് നിയമത്തിലൂടെ വ്യക്തിത്വം കല്‍പ്പിച്ചു നല്‍കാറുണ്ട്. കോര്‍പ്പറേഷന്‍, പഞ്ചായത്ത്, ദേവാലയം, ആശുപത്രി, സര്‍വ്വകലാശാല, ട്രാസ്റ്റ്, തുടങ്ങിയവയെ നിയമപരമായി അവകാശങ്ങളും ഉത്തവാദിത്വങ്ങളുമുള്ള വ്യക്തികളായി കണക്കാക്കാറുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗേന്ദ്രനാഥ് നസ്‌കറും കല്‍ക്കട്ട ആദായനികുതി കമ്മിഷനുമായുള്ള കേസില്‍ ഹിന്ദു വിഗ്രഹം സ്വത്തവകാശം ഉള്ളതും നികുതി നല്‍കേണ്ടതുമായ നിയമപരമായ വ്യക്തിയാണെന്നു സുപ്രീം കോടതി വിധിച്ചിരുന്നു.