ചിപ്പ് ഉപയോഗിച്ച് തട്ടിപ്പ്: റെയ്ഡിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ പെട്രോള്‍ പമ്പ് 'അപ്രത്യക്ഷ'മായി

ഒരു ലിറ്ററില്‍ നിന്ന് ശരാശരി 100 മില്ലി ലിറ്റര്‍ എന്ന അളവിലാണ് പെട്രോളും ഡീസലും മോഷ്ടിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ചിപ്പ് ഉപയോഗിച്ച് തട്ടിപ്പ്: റെയ്ഡിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ പെട്രോള്‍ പമ്പ് അപ്രത്യക്ഷമായി

ഉത്തര്‍പ്രദേശില്‍ പരിശോധനയ്ക്കായി അധികൃതര്‍ എത്തുന്നതിനു സെക്കന്‍ഡുകള്‍ക്ക് മുമ്പ് ഒരു പമ്പ് 'അപ്രത്യക്ഷ'മായി. ലക്‌നൗവിലെ ഒരു പമ്പാണ് ഇന്നലെ വൈകിട്ടോടെ പൊടുന്നനെ 'അപ്രത്യക്ഷ'മായത്.

പമ്പുകളിലെ കൃത്രിമം കണ്ടെത്താനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പരിശോധനയ്‌ക്കെത്തുന്നതിന് തൊട്ടുമുമ്പ് 'നവീകരണം പുരോഗമിക്കുന്നു' എന്ന ബോര്‍ഡ് വെച്ച് പമ്പ് അടച്ച് ഉടമയും തൊഴിലാളികളും മുങ്ങുകയായിരുന്നു. എന്നാല്‍ ഈ തട്ടിപ്പുപരിപാടി കൊണ്ട് രക്ഷയുണ്ടായില്ല. ടാസ്‌ക് ഫോഴ്‌സ് പമ്പിലെത്തി പരിശോധന നടത്തുകയും കൃത്രിമം കണ്ടെത്തുകയും ചെയ്തു.

പണം മുടക്കുന്നതിന് ആനുപാതികമായ അളവില്‍ പെട്രോള്‍ നല്‍കാതെ കബളിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിപ്പ് പമ്പില്‍ നിന്നു പിടികൂടി. റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാവുന്ന 1,000ത്തിലധികം ഇത്തരം ചിപ്പുകള്‍ സംസ്ഥാനത്തെ പമ്പുകളില്‍ ഉപയോഗിക്കുന്നതായി കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശ് പൊലീസ് കണ്ടെത്തിയിരുന്നു.

ഇത് പമ്പുകള്‍ക്ക് പ്രതിദിനം 15 ലക്ഷം രൂപ നേടിക്കൊടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തിലുള്ള ഏഴ് പെട്രോള്‍ പമ്പുകള്‍ സീല്‍ ചെയ്ത പൊലീസ് 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ലിറ്ററില്‍ നിന്ന് ശരാശരി 100 മില്ലി ലിറ്റര്‍ എന്ന അളവിലാണ് പെട്രോളും ഡീസലും മോഷ്ടിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൊലീസ് നടപടി ഭയന്ന് നിരവധി പമ്പുകളില്‍ നിന്ന് ചിപ്പുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.