കണ്ണുകെട്ടിയ നീതിദേവതക്ക് കൂടുതൽ പെൺകൂട്ട്; നാലു ഹൈക്കോടതികളിലേക്ക് ഒരുമിച്ച് വനിതാ ചീഫ് ജസ്റ്റിസുമാര്‍

മദ്രാസ്, ഡല്‍ഹി, ബോംബെ, കൊല്‍ക്കത്ത ഹൈക്കോടതികളിലാണ് ചീഫ് ജസ്റ്റിസുമാരായി വനിതകളുള്ളത്. രാജ്യത്തെ 24 ഹൈക്കോടതികളിലെ 652 ജഡ്ജിമാരില്‍ 69 പേരാണ് വനിതകള്‍. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജി രോഹിണി വിരമിച്ച ഒഴിവില്‍ നാളെ ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുക്കുന്നതും വനിതയാണ്. ജസ്റ്റിസ് ഗീതാ മിത്തല്‍ ആണ് ആക്ടിങ് ചീഫ് ജസ്റ്റിസായി നാളെ ചുമതലയേല്‍ക്കുക.

കണ്ണുകെട്ടിയ നീതിദേവതക്ക് കൂടുതൽ പെൺകൂട്ട്; നാലു ഹൈക്കോടതികളിലേക്ക് ഒരുമിച്ച് വനിതാ ചീഫ് ജസ്റ്റിസുമാര്‍

രാജ്യത്തെ നാലു ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ വനിതകള്‍. ഈ മാസം അഞ്ചിനു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ചുമതലയേറ്റതോടെയായിരുന്നു ഇത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വനിതകള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഒരുമിച്ചെത്തുന്നത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജി രോഹിണി വിരമിച്ചതോടെ നാളെ ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നതും വനിതയാണ്- ജസ്റ്റിസ് ഗീതാ മിത്തല്‍.

മഞ്ജുള ചെല്ലൂര്‍ ആണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് നിഷിത നിര്‍മല്‍ മാത്ര ആണ് കൊല്‍ക്കത്ത ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ്. എന്നാല്‍ സുപ്രീം കോടതിയിലെ 28 ജഡ്ജിമാരില്‍ വനിതയായി ജസ്റ്റിസ് ആര്‍ ഭാനുമതി മാത്രമാണുള്ളത്. ജസ്റ്റിസ് രോഹിണി, ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാരാകുമെന്നു നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ അഞ്ച് ജഡ്ജിമാരെ പുതുതായി നിയമിച്ചപ്പോള്‍ ഇവരുടെ പേരുണ്ടായിരുന്നില്ല.

രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ 10.86 ശതമാനം പേരാണ് വനിതകള്‍. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതില്‍ സംവരണങ്ങള്‍ ബാധകമല്ലെന്നു കേന്ദ്ര നിയമ സഹമന്ത്രി പി പി ചൗധരി വ്യക്തമാക്കിയിരുന്നു. ജുഡീഷ്യറിയിലെ വനിതാ സംവരണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തുന്ന ശുപാര്‍ശകള്‍ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 24 ഹൈക്കോടതികളാണ് ഉള്ളത്. ഹൈക്കോടതികളിലെ 652 ജഡ്ജിമാരില്‍ 69 പേരാണ് വനിതകള്‍. ബോംബെ ഹൈക്കോടതിയില്‍ 12ഉം, ഡല്‍ഹി ഹൈക്കോടതിയിലെ 11ഉം ജഡ്ജിമാര്‍ വനിതകളാണ്. ഇന്ത്യയിലെ എട്ട് ഹൈക്കോടതികളില്‍ ഒരു വനിത ജഡ്ജി പോലുമില്ല.

സ്വാതന്ത്യത്തിനു ശേഷം ആറ് വനിതകളാണ് സുപ്രീം കോടതിയില്‍ ജഡ്ജിമാരായിട്ടുള്ളത്. 1989 ല്‍ ജസ്റ്റിസ് ഫാത്തിമാ ബീവി നിയമിതയാകും വരെ ആദ്യ 39 വര്‍ഷം സുപ്രീം കോടതിയില്‍ ഒരു വനിതാ ജഡ്ജി പോലും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സുജാത മനോഹര്‍, ജസ്റ്റിസ് റുമാ പാല്‍, ജസ്റ്റിസ് ഗ്യാന്‍ സുധാ മിശ്ര, ജസ്റ്റിസ് രഞ്ജന ദേശായി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായ മറ്റു വനിതകള്‍.