ബംഗളുരുവിൽ നാല് ദളിത് വിദ്യാർത്ഥികളെ കാണാതായി; പോലീസിൽ പരാതി നൽകാൻ പോയ കോട്ടയം പാലക്കാട് സ്വദേശികളാണിവർ

പരാതി പറയാന്‍ പോയവര്‍ക്ക് പൊലീസില്‍ നിന്ന് മര്‍ദ്ധനമേറ്റെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ ആശുപത്രികളില്‍ പോയി അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണുണ്ടായത്.

ബംഗളുരുവിൽ നാല് ദളിത് വിദ്യാർത്ഥികളെ കാണാതായി; പോലീസിൽ പരാതി നൽകാൻ പോയ കോട്ടയം പാലക്കാട് സ്വദേശികളാണിവർ

ബംഗളുരു എൻടിടിഎഫിൽ ദളിത് വിദ്യാർത്ഥികൾക്കെതിരെ ആക്ഷേപവും ഭീഷണിയും വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസിൽ പരാതി നല്‍കാന്‍ പോയ നാല് മലയാളി ദളിത് വിദ്യാര്‍ഥികളെ ബംഗളുരുവിൽ കാണാതായി. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയവരെയാണ് കാണാതായത്.

പാലക്കാട് സ്വദേശികളായ റോബിന്‍, അജിത്, കോട്ടയം സ്വദേശികളായ ഭഗത്, അനന്തു എന്നിവരെയാണ് കാണാതായത്. നാലുപേരും കേരള സർക്കാരിന്റെ സഹായത്തോടെയാണ് പഠിക്കുന്നത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് സഹപാഠികള്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും അവരെ മറ്റാരോ വന്ന് കൂട്ടിക്കൊണ്ടുപോയെന്നാണ് മറുപടി ലഭിച്ചത്.

പരാതി പറയാന്‍ പോയവര്‍ക്ക് പൊലീസില്‍ നിന്ന് മര്‍ദ്ധനമേറ്റെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ ആശുപത്രികളില്‍ പോയി അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണുണ്ടായത്.

കേരള സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ എസ് സി-എസ് ടി ക്വാട്ടയില്‍ സംസ്ഥാനത്ത് നിന്ന് 150 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളാണ് അധികംപേരും. ജാതി വിളിച്ച് നിരന്തരമായി ഇവിടുത്തെ മലയാളികളായ സവര്‍ണ്ണ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആക്ഷേപിക്കുന്നതായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനെത്തുര്‍ന്ന് രണ്ട് മാസം മുമ്പ് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. നമ്പ്യാര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയുടെ തോളില്‍ കയ്യിട്ടതിന് 'നീ നമ്പ്യാര്‍ക്കുണ്ടായതാണോടാ അവന്റെ തോളില്‍ കയ്യിടാന്‍' എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി നാരദാന്യൂസിനോട് പറഞ്ഞു.

മൂത്രപ്പുരയിലേക്ക് പോകുന്ന ദളിത് പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതുള്‍പ്പെടെ ഇവിടെ പതിവായിട്ടും കോളജ് അധികൃതര്‍ ഉയർന്ന ജാതിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കുന്ന കേരളത്തിലെ സവര്‍ണ്ണ-മധ്യവര്‍ഗ കുടുംബങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ കൂടുതലും. ആവശ്യത്തിലേറെ പണമുള്ള ഇവര്‍ക്ക് പുറത്തുള്ള ഗുണ്ടാസംഘങ്ങളുമായും ബന്ധമുള്ളതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികൾ നാരദാ ന്യൂസിനോടു പറഞ്ഞു.