ബ്രൂണേയില്‍ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്തു; ഇരകളില്‍ കൂടുതലും മലയാളി നഴ്‌സുമാര്‍

ഒക്ടോബര്‍ 19 നു മൂന്നു നഴ്‌സുമാര്‍ ബ്രൂണേയിലേയ്ക്കു പറന്നു. എന്നാല്‍ അവിടെ എയര്‍പോര്‍ട്ടില്‍ അവരെ കൊണ്ടുപോകാന്‍ ആരും എത്തിയിരുന്നില്ല. അവര്‍ക്കു പോകാനുണ്ടായിരുന്ന ആശുപത്രിയെ സമീപിച്ചപ്പോള്‍ ജോലിയൊഴിവില്ലെന്നായിരുന്നു മറുപടി.

ബ്രൂണേയില്‍ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്തു; ഇരകളില്‍ കൂടുതലും മലയാളി നഴ്‌സുമാര്‍

ബ്രൂണേയില്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു 40 ലക്ഷത്തിന്‌റെ തട്ടിപ്പ്. ഡൽഹിയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന 18 നഴ്‌സുമാരാണു തട്ടിപ്പിനിരയായത്. നഴ്‌സുമാരുടെ പരാതിയിന്മേല്‍ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു രാജന്‍, ഗണേഷ്, മുഹമ്മദ് സലീം എന്നീ മൂന്നു പേര്‍ പ്രധാന പരാതിക്കാരിയെ സമീപിച്ചത്. ബ്രൂണേയില്‍ നല്ല ജോലി വാങ്ങിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ആ നഴ്‌സും മറ്റു മൂന്നു പേരും രാജനെ അയാളുടെ ഓഫീസില്‍ ചെന്നു കാണുകയായിരുന്നു. രാജന്‍ അവര്‍ക്കു ജോലി വാഗ്ദാനം ചെയ്യുക മാത്രമായിരുന്നില്ല, അവരുടെ വിസയും ടിക്കറ്റും ഏര്‍പ്പാടാക്കി കൊടുക്കാമെന്നും പറഞ്ഞു.

ഒരാള്‍ക്കു രണ്ടര ലക്ഷം രൂപ വീതമായിരുന്നു രാജന്‍ ആവശ്യപ്പെട്ടത്. ഗണേഷിനു 5000 രൂപ വീതം കൊടുക്കണമെന്നും പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു മുഹമ്മദ് സലീം ചെന്നൈയില്‍ നിന്നും അവരെ വിളിച്ചു. വിസ, ടിക്കറ്റ് എന്നിവ തയ്യാറാണെന്നും പത്ത് ലക്ഷം രൂപ ചെലവായെന്നും അയാള്‍ അവരെ അറിയിച്ചു. നഴ്‌സുമാര്‍ ആ പണം കൊടുക്കുകയും ചെയ്തു.

അപ്പോഴേയ്ക്കും 13 നഴ്‌സുമാര്‍ കൂടി ബ്രൂണേയ് ജോലിയില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും പരാതിക്കാരി അവരേയും സലീമിനു പരിചയപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബറില്‍ സലീമിന്‌റെ സഹോദരന്‍ എന്നു പരിചയപ്പെടുത്തിയ മുനീര്‍ എന്നൊരാള്‍ ഡല്‍ഹിയില്‍ വന്നു 13 നഴ്‌സുമാരുടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തുകയും അവരില്‍ നിന്നും 18 ലക്ഷം രൂപ വാങ്ങുകയും ചെയ്തു.

ഒക്ടോബര്‍ 19 നു മൂന്നു നഴ്‌സുമാര്‍ ബ്രൂണേയിലേയ്ക്കു പറന്നു. എന്നാല്‍ അവിടെ എയര്‍പോര്‍ട്ടില്‍ അവരെ കൊണ്ടുപോകാന്‍ ആരും എത്തിയിരുന്നില്ല. അവര്‍ക്കു പോകാനുണ്ടായിരുന്ന ആശുപത്രിയെ സമീപിച്ചപ്പോള്‍ ജോലിയൊഴിവില്ലെന്നായിരുന്നു മറുപടി.

നാലു ദിവസങ്ങള്‍ കൂടി ബ്രൂണേയില്‍ താമസിച്ച അവര്‍ ഇന്ത്യയിലേയ്ക്കു തിരിച്ചു വരുകയായിരുന്നു. ഒരു അന്തര്‍സംസ്ഥാന തട്ടിപ്പു സംഘത്തിനെയാണു പൊലീസ് സംശയിക്കുന്നത്. തട്ടിപ്പിനിരയായവരില്‍ കൂടുതലും മലയാളികളാണ്.