നരേന്ദ്രമോദിയുടെ മാതൃക പിന്തുടരാന്‍ ആഹ്വാനം ചെയ്ത് യോഗി ആദിത്യനാഥ്; മന്ത്രിമാര്‍ മുഴുവന്‍ സ്വത്തുവിവരവും വെളിപ്പെടുത്തണം

ഒരുദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുന്ന നരേന്ദ്രമോദിയുടെ അതേ മാതൃക പിന്തുടരണമെന്ന് മന്ത്രിമാരോട് യോഗത്തില്‍ ആവശ്യപ്പെട്ടു. അഴിമതി തുടച്ചുനീക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളോട് ഐക്യപ്പെട്ടുകൊണ്ടാണ് സ്വത്തുവിവരം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും യോഗി ആദിത്യനാഥ്.

നരേന്ദ്രമോദിയുടെ മാതൃക പിന്തുടരാന്‍ ആഹ്വാനം ചെയ്ത് യോഗി ആദിത്യനാഥ്; മന്ത്രിമാര്‍ മുഴുവന്‍ സ്വത്തുവിവരവും വെളിപ്പെടുത്തണം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ എല്ലാ മന്ത്രിമാരോടും സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് യോഗി ആദിത്യനാഥിന്റെ ഉത്തരവ്. 15 ദിവസത്തിനുള്ളില്‍ വരുമാനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും പാര്‍ട്ടിക്കും കൈമാറണമെന്നാണ് ആവശ്യം. ലോക്ഭവനില്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അഴിമതി തുടച്ചുനീക്കുകയാണ് ഈ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നായിരുന്നു ലോക്ഭവനില്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്കുശേഷം യോഗി ആദിത്യനാഥ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

അഴിമതി തുടച്ചുനീക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അതേ മാതൃക പിന്തുടരുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരോടു വരുമാനം വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യോഗത്തിനുശേഷം ക്യാബിനറ്റ് മന്ത്രി ശ്രീകാന്ത് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സര്‍ക്കാരും പാര്‍ട്ടിമായും പരസ്പര സഹകരണം വേണം. എങ്കില്‍ മാത്രമേ സര്‍ക്കാരിന്റെ പ്രവര്‍ത്തനം താഴേത്തട്ടിലേക്കും ജനങ്ങളുടെ പരാതികള്‍ ഉന്നതതലത്തിലേക്കും എത്തൂവെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും ഈ സര്‍ക്കാര്‍ നിറവേറ്റുമെന്നും സംസ്ഥാനത്തിന്റെ ഉയര്‍ച്ചക്കും വികസനത്തിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തും. കഴിഞ്ഞ 15 വര്‍ഷമായി യുപിയില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ് നിലനിന്നിരുന്നത്. ഇതില്‍ മാറ്റമുണ്ടാകും. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ട എല്ലാ നിലപാടുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരുദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുന്ന നരേന്ദ്രമോദിയുടെ അതേ മാതൃക പിന്തുടരണമെന്ന് മന്ത്രിമാരോട് യോഗത്തില്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.