തൃണമൂൽ എംഎൽഎയുടെ കൊലപാതകം: ബിജെപി നേതാവ് മുകുൾ റോയിക്കെിരെ കേസ്; രണ്ട് പേർ അറസ്റ്റിൽ

ജയ്പാല്‍ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ ഇന്നലെയാണ് തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസിന് വെടിയേറ്റത്.

തൃണമൂൽ എംഎൽഎയുടെ കൊലപാതകം: ബിജെപി നേതാവ് മുകുൾ റോയിക്കെിരെ കേസ്; രണ്ട് പേർ അറസ്റ്റിൽ

പശ്ചിമ ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് എംഎൽഎയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മുകുൾ റോയിക്കെതിരെ കേസ്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ ആരോപിച്ചതിനു പിന്നാലെയാണ് മുകുള്‍ റോയിക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന ബിജെപി വാദം പൊളിക്കുന്നതാണ് നടപടി.

തൃണമൂൽ നേതാവായിരുന്ന മുകുൾ റോയ് കഴിഞ്ഞ വർഷം മമതയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ തുടർന്നാണ്​ പാർട്ടിയിൽ നിന്ന് രാജിവെച്ച്​ ബിജെപിയിൽ ചേർന്നത്​. മൻമോഹൻ സിങ്​ മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്നു മുകുൾ റോയ്. സംഭവത്തിൽ മറ്റു രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിനിടെ, ഹൻസകലി പൊലീസ്​ സ്​റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്​പെൻഡ്​ ചെയ്​തു​.

ജയ്പാല്‍ഗുഡി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ ഇന്നലെയാണ് തൃണമൂല്‍ എംഎല്‍എ സത്യജിത് ബിശ്വാസിന് വെടിയേറ്റത്. പോയിന്റ് ബ്ലാങ്കില്‍നിന്ന് നിരവധി തവണ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സത്യജിത് ബിശ്വാസിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സത്യജിത്തിനെ കൊല്ലാന്‍ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നില്‍ നിന്നാണ് സത്യജിത്തിന് വെടിയേറ്റത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് സൂപ്രണ്ട് രൂപേഷ് കുമാര്‍ പറഞ്ഞു.

ഏറെ വിവാദമായ ശാരദ ചിട്ടിഫണ്ട് കേസില്‍ മുകുള്‍ റോയിയും നേരത്തെ പ്രതിയായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരേയും ബിജെപിക്കെതിരേയും വിമര്‍ശനമുന്നയിച്ചിരുന്നത്. എംഎൽഎയുടെ കൊലപാതക കേസിൽ മുകുൾ റോയിയെ പ്രതി ചേർത്തതോടെ സംസ്ഥാനത്ത് തൃണമൂലും ബിജെപിയും തമ്മിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. അതേസമയം, മുകുൾ റോയിക്കെതിരെ കേസെടുത്ത സംഭവത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. നാദിയ ജില്ലയിലെ കൃഷ്ണ​ഗഞ്ച് മണ്ഡലത്തിലെ എംഎൽഎയാണ് സത്യജിത്.