കശ്മീരിലെ ഐസിസ് സ്വാധീനം ഒരു കെട്ടുകഥയോ?

കശ്മീരികള്‍ക്കിടെ ഐസിസ് ഒരു സംസാര വിഷയമേയല്ല, മറിച്ച് കശ്മീര്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കപ്പെടുമെന്നതാണ് അവരുടെ ആകുലത. കശ്മീര്‍ താഴ്വരയില്‍ ചിലയിടത്ത് മുഖം മൂടി ധരിച്ചവര്‍ ഐസിസ് പതാകകള്‍ ഉയര്‍ത്തിയ സംഭവങ്ങളില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളാണെന്നാണ് കശ്മീരികള്‍ വിശ്വസിക്കുന്നത്.

കശ്മീരിലെ ഐസിസ് സ്വാധീനം ഒരു കെട്ടുകഥയോ?

ഐസിസില്‍ ചേരാന്‍ ശ്രമിച്ചെന്ന പേരില്‍ കശ്മീരി യുവാവ് അഫ്‌സാന്‍ പെര്‍വാസിനെ തുര്‍ക്കിയില്‍ നിന്ന് നാടുകടത്തിയ സംഭവത്തിന് ശേഷം ചില മാധ്യമങ്ങള്‍ കശ്മീരില്‍ ഐസിസ് സ്വാധീനമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ 'ഇസ്ലാമിസ്റ്റ്' എന്ന വാക്ക് ലോകത്തെ ഏതൊരു മുസ്ലീം മുന്നേറ്റങ്ങളിലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വാക്കായി മാറിയിരിക്കുന്നു.

സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം വളരെ സുഗമമായി നിര്‍മിക്കപ്പെട്ട ഒരു പദമാണിത്. 'ഇസ്ലാമിക്' 'ഇസ്ലാമിസ്റ്റ്' എന്നീ രണ്ടു പദങ്ങളാണ് മുസ്ലീം വ്യവഹാരങ്ങളില്‍ പൊതുവായി കടന്നുവരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇസ്ലാമിസ്റ്റ് എന്ന പദം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ഈ വാക്ക് കശ്മീരിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇതുവരെ ഐസിസില്‍ ചേര്‍ന്ന യുവാക്കളുടെ കണക്കെടുത്താല്‍ കാണാനാകും അത് ഒരെണ്ണത്തില്‍ ഒതുങ്ങുന്നുവെന്ന്. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന കശ്മീര്‍ സ്വദേശിയായ ഒരാള്‍ ഐസിസില്‍ ചേര്‍ന്നതായി 2015 ഓഗസ്റ്റില്‍ അന്നത്തെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല നിയമസഭയില്‍ അറിയിച്ചിരുന്നു. ''ഒരു കശ്മീര്‍ സ്വദേശി ഐസിസില്‍ ചേര്‍ന്നതായി കേള്‍ക്കുന്നു''-ജെഹാനിനഗര്‍ ചൗക്കില്‍ ഒരു പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഒമര്‍ പറഞ്ഞു.

എന്നാല്‍ കശ്മീരില്‍ നിന്ന് ഒരാള്‍ പോലും ഐസിസില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''എന്റെ അറിവില്‍ കശ്മീരില്‍ നിന്നുള്ള ആരും ഐസിസില്‍ ചേരുകയോ സിറിയയിലോ ഇറാഖിലോ പോകുകയോ ചെയ്തിട്ടില്ല''-ഒമര്‍ പറഞ്ഞു. ശ്രീനഗറിലെ ജവഹര്‍ നഗര്‍ സ്വദേശിയായ ആദില്‍ ഫയാസ് വൈദ് എന്ന യുവാവാണ് ഐസിസില്‍ ചേര്‍ന്നതെന്ന് പിന്നീട് വ്യക്തമായി. ക്വീന്‍സ്‌ലന്റ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ഡിഗ്രിയെടുക്കാനാണ് ആദില്‍ ഓസ്‌ട്രേലിയയിലെത്തിയത്. ഇതിനിടെ തുര്‍ക്കിയില്‍ ജോലി കിട്ടിയതായി വീട്ടുകാരെ അറിയിച്ചാണ് ആദില്‍ ഐസിസില്‍ ചേര്‍ന്നത്. ഐസിസ് അനുഭാവം പ്രകടിപ്പിച്ചതിന് മഹാരാഷ്ട്രക്കാരനായ മുഹമ്മദ് ഫര്‍ഫാന്‍, കര്‍ണാടകക്കാരനായ ആദ്‌നാന്‍ ഹുസൈന്‍ എന്നിവരൊടൊപ്പം 2016 ജനുവരിയില്‍ 23കാരനായ കശ്മീരി യുവാവിനെ യുഎഇ നാടുകടത്തിയിരുന്നു.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയയുടന്‍ ഇവരെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. ശ്രീനഗറിനടുത്തുള്ള ഖന്യാര്‍ സ്വദേശിയായ അഫ്ഷാന്‍ പെര്‍വാസെന്ന 21കാരനെയാണ് ഇപ്പോള്‍ ഐസിസില്‍ ചേരാന്‍ ശ്രമിച്ചതിന് തുര്‍ക്കി നാടുകടത്തിയിരിക്കുന്നത്. ഇറാനില്‍ തുടര്‍പഠനത്തിനായി പോകണമെന്ന് വീട്ടുകാരെ ധരിപ്പിച്ച അഫ്ഷാന്‍ മാര്‍ച്ച് 23ന് ടെഹ്‌റാനിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ആദ്യമായി ഒരു കശ്മീരി ഐസിസില്‍ ചേരാന്‍ പോയ സംഭവം ഇതാണ്. യുവാക്കള്‍ ഐസിസില്‍ ചേരുന്നതല്ല കശ്മീരിലെ പ്രശ്‌നം, മറിച്ച് കശ്മീരിലെ സമരങ്ങള്‍ക്ക് ഐസിസ് സ്വഭാവം വന്നതാണ്. കശ്മീരിലെ സമരങ്ങള്‍ക്ക് ഇസ്ലാമിക നിറം നല്‍കാനുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സക്കീര്‍ മൂസയുടെ ശ്രമമാണ് ഇതിന് തുടക്കം കുറിച്ചത്. കശ്്മീരിലെ പോരാട്ടത്തിന് രാഷ്ട്രീയ മാനമാണുള്ളതെന്ന നിലപാട് തുടര്‍ന്നാല്‍ ഹുറിയത്ത് നേതാക്കളുടെ തല വെട്ടുമെന്ന് സക്കീര്‍ മൂസ വെല്ലുവിളി നടത്തിയിരുന്നു.

ഇസ്ലാമികവല്‍ക്കരണത്തിന് ലക്ഷ്യമിടുന്ന തരത്തില്‍ കശ്മീര്‍ സമരങ്ങളില്‍ ആശയപരമായ മാറ്റത്തിനാണ് സക്കീര്‍ മൂസയെപ്പോലുള്ളവര്‍ ശ്രമിച്ചത്. ഹിസ്ബുല്‍ മുജാഹിദ്, ലഷ്‌കര്‍ ഇ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് എന്നീ മൂന്ന് തീവ്രവാദ സംഘടനകളും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുക എന്നതിന് പകരം കശ്മീരിനെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന തരത്തിലേക്ക് ആശയങ്ങളില്‍ അടുത്ത കാലത്ത് മാറ്റം വരുത്തിയിരുന്നു. കശ്മീരികള്‍ക്കിടെ ഐസിസ് ഒരു സംസാര വിഷയമേയല്ല, മറിച്ച് കശ്മീര്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കപ്പെടുമെന്നതാണ് അവരുടെ ആകുലത. കശ്മീര്‍ താഴ്വരയില്‍ ചിലയിടത്ത് മുഖം മൂടി ധരിച്ചവര്‍ ഐസിസ് പതാകകള്‍ ഉയര്‍ത്തിയ സംഭവങ്ങളില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളാണെന്നാണ് കശ്മീരികള്‍ വിശ്വസിക്കുന്നത്.