മദ്ധ്യപ്രദേശില്‍ അട്ടിമറി കണ്ടെത്തിയ വോട്ടിംഗ് മെഷീന്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തല്‍

വോട്ടിംഗ് മെഷീന്‍ അവസാനമായി ഉപയോഗിച്ചത് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും ബിജെപിക്ക് വോട്ട് ലഭിക്കുന്ന രീതിയിലായിരുന്നു മെഷീനിന്റെ സജ്ജീകരണം.

മദ്ധ്യപ്രദേശില്‍ അട്ടിമറി കണ്ടെത്തിയ വോട്ടിംഗ് മെഷീന്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തല്‍

മധ്യപ്രദേശില്‍ അട്ടിമറി കണ്ടെത്തിയ വോട്ടിംഗ് മെഷീന്‍, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലെത്തി പരിശോധന നടത്തിയ സംഘമാണ് ഇത് കണ്ടെത്തിയത്. ആര്‍ക്ക് വോട്ടുകുത്തിയാലും ബിജെപിക്ക് വോട്ടുവീഴുന്ന രീതിയിലായിരുന്നു മെഷീനിലെ ക്രമീകരണം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച 300 വോട്ടിങ് മെഷീനുകളിലൊന്നാണ് ഭിന്ദിലേക്ക് അയച്ചത് എന്നും കാണ്‍പൂരിലെ ഗോവിന്ദ്പൂരിലാണ് ഈ യന്ത്രം അവസാനമായി ഉപയോഗിച്ചതെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. യന്ത്രത്തില്‍ ഉപയോഗിച്ചിരുന്ന ബിജെപിയുടെ സ്ലിപ്പുകള്‍ വ്യാജമായിരുന്നെന്നും കണ്ടെത്തലുണ്ട്.

ക്രമക്കേട് കണ്ടെത്തിയതോടെ ഭിന്ദ് ജില്ലാ കലക്ടര്‍ ടി ഇളയരാജ, എസ്പി അനില്‍സിംഗ് ഖുശ്വാഹ തുടങ്ങിയവരെ പിരിച്ചുവിട്ടു. 19 ഉദ്യാഗസ്ഥരെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് വോട്ടിംഗ് മെഷീനിലെ ക്രമക്കേട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. വോട്ടിംഗ് മെഷീനൊപ്പം വിവിപിഎഎം( വോട്ടര്‍ വെരിഫയബള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ചേര്‍ത്തുവച്ചു നടത്തിയ പരിശോധനയിലാണ് മെഷീനില്‍ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും ബിജെപിക്ക് വോട്ട് ലഭിക്കുന്ന രീതിയിലായിരുന്നു മെഷീനിന്റെ സജ്ജീകരണം.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അപ്രതീക്ഷിത വിജയം നേടിയതോടെ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമം കാണിച്ചിട്ടുണ്ടെന്ന ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അതിനു പിന്നാലെ, ഗോവയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്കെല്ലാം ബലം പകരുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണഫലം.