അമിത് ഷായ്ക്ക് ഉച്ചയൂണു വിളമ്പിയ ദമ്പതികള്‍ ഒരാഴ്ച പിന്നിടുന്നതിനുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ്സിലെത്തി

വെസ്റ്റ് ബംഗാളില്‍ 15 ദിവസത്തെ 'വിസ്താര്‍ യാത്ര' നടത്തുന്ന അമിത് ഷാ ഏപ്രില്‍ 25 ന് രാജു മഹാലിയുടെ വീട്ടില്‍ എത്തുകയും അവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കു ശേഷം രാജു മഹാലിയും ഗീതയും ഭരണപക്ഷത്തിലേയ്ക്കു ചേര്‍ന്നു.

അമിത് ഷായ്ക്ക് ഉച്ചയൂണു വിളമ്പിയ ദമ്പതികള്‍ ഒരാഴ്ച പിന്നിടുന്നതിനുമുമ്പ്    തൃണമൂല്‍ കോണ്‍ഗ്രസ്സിലെത്തി

ഒരാഴ്ച മുമ്പ് വെസ്റ്റ് ബംഗാളിലെ നക്‌സല്‍ബാരിയില്‍ ബിജെപി പ്രസിഡന്‌റ് അമിത് ഷായ്ക്കു വീട്ടില്‍ ഉച്ചഭക്ഷണം വിളമ്പിയ ദമ്പതികള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗീത, രാജു മഹാലി എന്നീ ദമ്പതികളെ സംസ്ഥാന ടൂറിസം മന്ത്രി ഗൗതം ദെബ് തൃണമൂലിലേയ്ക്കു സ്വാഗതം ചെയ്തു. ബംഗാളിലെ ഗോത്രവര്‍ഗക്കാരാണു ഗീതയും രാജുവും.

വെസ്റ്റ് ബംഗാളില്‍ 15 ദിവസത്തെ 'വിസ്താര്‍ യാത്ര' നടത്തുന്ന അമിത് ഷാ ഏപ്രില്‍ 25 ന് മഹാലിയുടെ വീട്ടില്‍ എത്തുകയും അവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം രാജു മഹാലിയും ഗീതയും ഭരണപക്ഷത്തിലേയ്ക്കു ചേര്‍ന്നു. ദിവസക്കൂലി പണിക്കാരനാണു രാജു. ഗീത ഒരു തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്നു.

അമിത് ഷായുടെ സന്ദര്‍ശനത്തിനു ശേഷം അവര്‍ സംസ്ഥാനത്തിലെ ഏറ്റവും പ്രശസ്തരായ ഗോത്രവര്‍ഗക്കാരായി മാറിയിരുന്നു. ബംഗാളിലെ ബിജെപിയുടെ മുഖം ആയിരുന്നു അവര്‍. ഗോത്രവര്‍ഗക്കാരിലേയ്ക്കു എത്തിച്ചേരാനുള്ള ബിജെപിയുടെ വാതില്‍.

ദമ്പതികളെ തട്ടിക്കൊണ്ടു പോയി തൃണമൂലില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നു ബിജെപി സംസ്ഥാന പ്രസിഡന്‌റ് ദിലീപ് ഘോഷ് ആരോപിച്ചിരുന്നു. ടിഎംസി ഓഫീസിലെത്തിയ അവരുടെ ശരീരഭാഷ കണ്ടാല്‍ അവര്‍ സമ്മര്‍ദ്ദത്തിലായിരുന്നെന്നു മനസ്സിലാക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ടിഎംസി ആ ആരോപണം നിഷേധിച്ചു. അവര്‍ സ്വന്തം ഇഷ്ടപ്രകാരം ആണു തൃണമൂലില്‍ ചേര്‍ന്നതെന്നു ഗൗതം ദെബ് പറഞ്ഞു. തങ്ങള്‍ക്കു മമതാ ബാനര്‍ജിയെ ഇഷ്ടമാണെന്നും അതു കൊണ്ടാണ് തൃണമൂലില്‍ ചേര്‍ന്നതെന്നും ഗീത പറഞ്ഞു. മമത ബാനർജി വീട്ടില്‍ വരുകയാണെങ്കിലും ഭക്ഷണം കൊടുക്കുമെന്നും ഗീത പറഞ്ഞു.