കള്ള പാസ്‌പോര്‍ട്ട് കേസ്: ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് സിബിഐ കോടതി

പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ മൗനാനുവാദത്തോടെ 1998-99ൽ ഛോട്ടാ രാജന്‍ മോഹന്‍ കുമാര്‍ എന്ന പേരില്‍ ബംഗളുരുവില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ട് നേടിയതിനാണ് ഛോട്ടാ രാജനേയും കൂട്ടരേയും കുറ്റക്കാരായി കോടതി വിധിച്ചത്.

കള്ള പാസ്‌പോര്‍ട്ട് കേസ്: ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് സിബിഐ കോടതി

അധോലോകനായകന്‍ ഛോട്ടാ രാജന്‍ കള്ള പാസ്‌പോര്‍ട്ട് കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധി. പട്യാലയിലെ സിബിഐ കോടതി സ്‌പെഷ്യല്‍ ജഡ്ജ് വിരേന്ദര്‍ കുമാര്‍ ഗോയല്‍ ആണ് വിധി പുറപ്പെടുവിച്ചത്. എഴുപതോളം കേസുകള്‍ ഛോട്ടാ രാജനെതിരേ ഉണ്ടെങ്കിലും ഇതാദ്യമായാണ് കുറ്റക്കാരനെന്ന് വിധിക്കപ്പെടുന്നത്

ഛോട്ടാ രാജന്‍ എന്നറിയപ്പെടുന്ന രാജേന്ദ്ര സദാശിവ് നിഖല്‍ജിയെയും മറ്റു മൂന്ന് പേരേയുമാണ് കുറ്റക്കാരായി കോടതി വിധിച്ചത്. മുന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരായ ജയശ്രീ ദത്താത്രേയ രഹാതെ, ദീപക് നട്‌വര്‍ലാല്‍ ഷാ, ലളിത ലക്ഷ്മണ്‍ എന്നിവരാണ് മറ്റു മൂന്ന് പേർ.മൂന്ന് പേർക്കും ജാമ്യം ലഭിച്ചു. ഛോട്ടാ രാജനെ മാത്രം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഉത്തരവായി. ശിക്ഷയെക്കുറിച്ചുള്ള വാദം കോടതി ചൊവ്വാഴ്ച കേള്‍ക്കും.

2016 ജൂണ്‍ 8 നാണ് നാല് പേര്‍ക്കെതിരേയും സെക്ഷന്‍ 420 (വഞ്ചന), സെക്ഷന്‍ 471 (വ്യാജരേഖകള്‍ സമര്‍പ്പിക്കല്‍), സെക്ഷന്‍ 468 (വഞ്ചനയ്ക്കായി വ്യാജരേഖ ഉണ്ടാക്കൽ), സെക്ഷന്‍ 419 (ആള്‍മാറാട്ടം), സെക്ഷന്‍ 120ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ ചുമത്തി അന്വേഷണം ആരംഭിച്ചത്.

പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ മൗനാനുവാദത്തോടെ 1998-99ൽ ഛോട്ടാ രാജന്‍, മോഹന്‍ കുമാര്‍ എന്ന പേരില്‍ ബംഗളുരുവില്‍ നിന്നും വ്യാജ പാസ്‌പോര്‍ട്ട് നേടുകയായിരുന്നു.

കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി എണ്‍പതോളം കേസുകളില്‍ ഛോട്ടാ രാജന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി എഴുപതോളം കേസുകലാണ് നിലവിലുള്ളത്.

27 വര്‍ഷത്തെ ഒളിവിനു ശേഷം 2015 ഒക്ടോബര്‍ 25 ന് ഇന്തോനേഷ്യയില്‍ നിന്നും പിടിയിലായ ഛോട്ടാ രാജനെ 2015 നവംബര്‍ 6 ന് ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു.

Story by