'ശാപം' ഹൈന്ദവ വികാരം വ്രണപ്പെടുത്തിയതായി പരാതി; ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ദിനം പോസ്റ്റ് ചെയ്ത കവിത ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു

ശ്രീജാതോ ബന്ദോപധ്യായയുടെ ശാപം എന്ന കവിതയാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. ഇതിനിടെ കവിത ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കവിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശാപം ഹൈന്ദവ വികാരം വ്രണപ്പെടുത്തിയതായി പരാതി; ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ദിനം പോസ്റ്റ് ചെയ്ത കവിത ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശ്രീജാതോ ബന്ദോപധ്യായയെന്ന ബംഗാളി കവിയുടെ 'ശാപം' എന്ന കവിത ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. ഇതിനിടെ കവിത ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സിലിഗുരി സ്വദേശിയായ വിദ്യാര്‍ത്ഥി ശ്രീജാതോയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തു. 12 വരികളുള്ള കവിതയാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്.

കവിത പോസ്റ്റുചെയ്തതിന്റെ പേരില്‍ തനിക്ക് പലരില്‍ നിന്നും ഭീഷണികളുണ്ടായതായി കാണിച്ച് കവി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് ഫെയ്‌സ്ബുക്ക് പരിശോധിച്ചപ്പോഴാണ് കവിത നീക്കം ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ശ്രീജാതോ പറഞ്ഞു. കവിയ്‌ക്കെതിരെ കേസ് കൊടുത്ത ഹിന്ദു സംഹതി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി കവിതയിലെ അവസാന രണ്ട് വരികള്‍ ഹൈന്ദവതയെ വളരെയേറെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചു.

വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് മാര്‍ച്ച് 22ന് കേസെടുത്തിരുന്നു. കേസ് തെളിഞ്ഞാല്‍ ശ്രീജാതോയ്ക്ക് 3 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കട്ട പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ശ്രീജാതോ കൂടിക്കാഴ്ച നടത്തിയിരുന്നു. കവിയ്‌ക്കെതിരെ യാതൊരു വിധത്തിലുമുള്ള ആക്രമം നടക്കാതിരിക്കാന്‍ ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.