ഗ്രൂപ് അഡ്മിന്മാരുടെ ശ്രദ്ധയ്ക്ക്: വ്യാജവാര്‍ത്തകള്‍ ഷെയര്‍ ആയാല്‍ കേസാകും

ഗ്രൂപ് അഡ്മിന്‍ ആയിരിക്കേ എന്തൊക്കെ മെസേജുകളാണ് കൈമാറപ്പെടുന്നത് എന്നറിഞ്ഞില്ലെങ്കില്‍ ഇനി കുടുക്കിലാകാന്‍ സാധ്യതയുണ്ട്. വാട്‌സ് ആപ്പ്/ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കപ്പെടുന്ന വ്യാജമായ വീഡിയോകള്‍, ഫോട്ടോകള്‍, വാര്‍ത്തകള്‍ എന്നിവ വര്‍ഗീയസ്പർദ്ധ പരത്തുന്നു എന്നാണ് കണ്ടെത്തല്‍.

ഗ്രൂപ് അഡ്മിന്മാരുടെ ശ്രദ്ധയ്ക്ക്: വ്യാജവാര്‍ത്തകള്‍ ഷെയര്‍ ആയാല്‍ കേസാകും

ഫേസ്ബുക്ക് അല്ലെങ്കില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍ ആയിരിക്കുക എന്നത് ചിലര്‍ക്കെങ്കിലും ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്. ഒരു തരം അധികാരം കൈയാളുന്ന സുഖം അത് നല്‍കുന്നു. എന്നാല്‍, അത്തരക്കാര്‍ ഇനി അല്പം സൂക്ഷിക്കുന്നത് നല്ലതാകും.

വാട്‌സ് ആപ്പ്/ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വരുന്ന മെസേജുകള്‍ക്ക് കൈയും കണക്കുമുണ്ടാവില്ല. മിക്കവാറും ശല്യമായിരിക്കും തുരുതുരേ വരുന്ന മെസേജുകള്‍. അതോരോന്നായി പരിശോധിക്കുക എന്നതും എളുപ്പമുള്ള കാര്യമല്ല. ഫോണ്‍ മെമ്മറി നിറയ്ക്കാനും അത് മതിയാകും. ചിലപ്പോള്‍ ശല്യം സഹിക്കാന്‍ വയ്യാതെ നോട്ടിഫിക്കേഷന്‍ 'മ്യൂട്ട്' ചെയ്യുകയും പതിവാണ്.

ഗ്രൂപ് അഡ്മിന്‍ ആയിരിക്കേ എന്തൊക്കെ മെസേജുകളാണ് കൈമാറപ്പെടുന്നത് എന്നറിഞ്ഞില്ലെങ്കില്‍ ഇനി കുടുക്കിലാകാന്‍ സാധ്യതയുണ്ട്. വാട്‌സ് ആപ്പ്/ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കപ്പെടുന്ന വ്യാജമായ വീഡിയോകള്‍, ഫോട്ടോകള്‍, വാര്‍ത്തകള്‍ എന്നിവ വര്‍ഗീയസ്പർദ്ധ പരത്തുന്നു എന്നാണ് കണ്ടെത്തല്‍. ഇത്തരം സന്ദേശങ്ങളെ ഇല്ലാതാക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നു വാരണസി ജില്ലാ മജിസ്‌ട്രേറ്റ് യോഗേശ്വര്‍ റാം മിശ്രയും സീനിയര്‍ പൊലീസ് സൂപ്രണ്ട് നിതിന്‍ തിവാരിയും.

പുതിയ ഉത്തരവ് അനുസരിച്ച് ഇത്തരം വ്യാജവാര്‍ത്തകള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ എഫ് ഐ ആര്‍ എടുക്കാനാണ് തീരുമാനം. ഇത്തരം സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഗ്രൂപ് അഡ്മിന്‍ വേണ്ടത് ചെയ്തില്ലെങ്കില്‍ പൊലീസ് അന്വേഷിച്ചെത്തും.

ഇത്തരം സന്ദേശങ്ങള്‍ നീക്കം ചെയ്യുകയോ തടയുകയോ ചെയ്യാത്ത ഗ്രൂപ് അഡ്മിനു നേരേ നിയമനടപടി എടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

മതവികാരം വ്രണപ്പെടുത്തുന്ന സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരേ സൈബര്‍ ക്രൈം നിയമപ്രകാരം കേസെടുക്കുന്നതായിരിക്കും. ഗ്രൂപ്പുകളില്‍ വ്യക്തിപരമായി പരിചയം ഉള്ളവരെ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് ഗ്രൂപ് അഡ്മിനുകളോട് പൊലീസ് പറയുന്നു.