ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക്; വിവാദത്തിന് പിന്നിലെ സത്യമെന്ത്?

തെറ്റായ വാര്‍ത്ത കൊടുത്താല്‍ പോലീസ് സ്‌റ്റേഷനില്‍ കയറ്റുമെന്ന മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സെലീന സിങ്ങിന്റെ പ്രസ്താവനയാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് ചില മാധ്യമപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. സ്ക്രോൾ ഡോട്ട് ഇൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്.

ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക്; വിവാദത്തിന് പിന്നിലെ സത്യമെന്ത്?

ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിയ്ക്ക് പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് ഏപ്രില്‍ ഒന്നിനാണ്. മധ്യപ്രദേശിലെ ഭിന്ദ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രതീകാത്മക വോട്ടെടുപ്പാണ് ഈ വിവാദത്തിനു വഴിവച്ചത്. ഇതേത്തുടര്‍ന്നു വോട്ടിംഗ് യന്ത്രത്തില്‍ വ്യാപകമായ ക്രമക്കേടുകളുള്ളതായി ആരോപിച്ചു രാജ്യത്തെ പ്രധാനപ്പെട്ട പാര്‍ട്ടികളെല്ലാം രംഗത്തുവന്നു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ മധ്യപ്രദേശിലെത്തിച്ചു കൃത്രിമം കാണിച്ചെന്നായിരുന്നു ഒരു ആരോപണം. വിവാദം 19 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനും കാരണമായി. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?

മാര്‍ച്ച് 31ന് മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച യോഗത്തില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സെലീന സിങ്ങ് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു. ഇതിനിടെ വോട്ടര്‍ വെരിഫൈബിള്‍ പേപ്പര്‍ ആന്‍ഡ് ഓഡിറ്റ് ട്രയല്‍ മെഷീനെക്കുറിച്ച് (VVPAT) വിശദീകരിച്ചു. ഈ വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ അതു ഡിജിറ്റലായി സൂക്ഷിക്കുന്നതിനു പുറമേ, യന്ത്രം തന്നെ ഒരു കടലാസിൽ കൂടി രേഖപ്പെടുത്തും. ആ സ്ലിപ് ഒരു ഡിസ്‌പ്ലേ സ്ക്രീനിൽ ഏഴു സെക്കന്‍ഡ് നേരം പ്രദർശിപ്പിക്കും. അതിനുശേഷം മെഷീനുള്ളിലെ ഒരു പ്രത്യേക അറയിലേക്കു തന്നെ അതുവീഴും.

സെലീന സിങ് ഇതില്‍ ഒരു ബട്ടണില്‍ വിരലമര്‍ത്തി. ഇതോടെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗോവിന്ദ നഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സത്യദേവ് പച്ചൂരിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയ സ്ലിപ് സ്‌ക്രീനില്‍ തെളിഞ്ഞുവന്നു. ഇതോടെ ചില മാധ്യമപ്രവര്‍ത്തകര്‍ വോട്ടിംഗ് യന്ത്രത്തില്‍ ബിജെപിയ്ക്ക് അനുകൂലമായി ക്രമക്കേട് വരുത്തിയതായി ആരോപിച്ചു ബഹളമുണ്ടാക്കി. ഇതുകേട്ട സെലീന ചിരിയോടെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നവരെ പൊലീസ് സ്‌റ്റേഷനില്‍ കയറ്റുമെന്ന് പറഞ്ഞു. ഇതിനിടെ സെലീന സിങ് മറ്റ് ചില ബട്ടണുകളില്‍ അമര്‍ത്തിയെങ്കിലും അതു ശ്രദ്ധിക്കാതെ ചില മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷനില്‍ കയറ്റുമെന്ന അവരുടെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ചില മാധ്യമങ്ങള്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. ഹിന്ദി പത്രമായ പത്രികയുടെ റിപ്പോര്‍ട്ടര്‍ അബ്ബാസ് അഹമ്മദുമായി Scroll.in നടത്തിയ സംഭാഷണത്തില്‍ നിന്ന് ലഭിച്ച വിവരപ്രകാരം ആദ്യം ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ബിജെപിയ്ക്കും പിന്നീട് യഥാക്രമം രാഷ്ട്രീയ ലോക്‌ദൾ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കും വോട്ട് രേഖപ്പെടുത്തിയതായാണ് പറയുന്നത്. ഭിന്ദിലെ മുഖ്യ എക്‌സിക്യൂട്ടീവ് ഓഫീസറെ ബന്ധപ്പെട്ടപ്പോള്‍ ഇതേ ക്രമത്തില്‍ വോട്ട് രേഖപ്പെടുത്തപ്പെട്ടതായി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്


വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. താമര (ബിജെപി), ഹാന്‍ഡ് പമ്പ് (രാഷ്ട്രീയ ലോക്ദള്‍), കൈപ്പത്തി (കോണ്‍ഗ്രസ്) എന്നീ ക്രമത്തിലാണ് വോട്ടിംഗ് യന്ത്രത്തിന്റെ സ്‌ക്രീനില്‍ ദൃശ്യമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ വാര്‍ത്ത നല്‍കും മുമ്പ് വിശദാംശങ്ങള്‍ മനസിലാക്കാനായി മാധ്യമപ്രവര്‍ത്തകരിലാരും തങ്ങളെ ബന്ധപ്പെട്ടില്ലെന്ന് കമ്മീഷന്‍ പറയുന്നു. വി വി പി എ ടി യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് 1961ലെ തെരഞ്ഞെടുപ്പ് നിയമങ്ങളുടെ 45 എം എയുടെ പരിധിയില്‍ വരുന്ന ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമായതിനാല്‍ സെലീന സിംഗ് മാധ്യമ പ്രവർത്തകരോടു തമാശരൂപേണ പറഞ്ഞ വാക്കുകളാണ് വിവാദത്തിനു വഴിവെച്ചതെന്നു മധ്യപ്രദേശ് നോഡല്‍ ഓഫീസര്‍ സഞ്ജയ് സിംഗ് ബാദല്‍ പറഞ്ഞു.

മുന്നൊരുക്കമില്ലാത്തത് പുലിവാലായി

വേണ്ടത്ര മുന്നൊരുക്കമില്ലാതെ വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം വിശദീകരിച്ചതാണ് വിവാദങ്ങളുണ്ടാക്കിയത്. ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥികളോ ചിഹ്നങ്ങളോ വരാന്‍ പാടില്ലെന്നാണ് ചട്ടം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ വിവരങ്ങള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാതെ ഉപയോഗിച്ചതാണ് വിവാദങ്ങള്‍ക്കു കാരണമായതെന്നു തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി.

കടപ്പാട്‌: Scroll.in