നാരദ ഒളി ക്യാമറ ഓപ്പറേഷന്‍: സിബിഐക്കു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം

തൃണമൂല്‍ കോണ്‍ഗ്രസിലെ എംപിമാരും എംഎല്‍എമാരുമടക്കം 12 നേതാക്കള്‍ കുപ്രസിദ്ധ ധനകാര്യ സ്ഥാപന പ്രതിനിധികളില്‍ നിന്നും പണം വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്

നാരദ ഒളി ക്യാമറ ഓപ്പറേഷന്‍: സിബിഐക്കു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം

നാരദ ഒളി ക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ച ആകുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒളി ക്യാമറ ഓപ്പറേഷനില്‍ നടന്ന പണമിടപാടിനെക്കുറിച്ച് അന്വേഷിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസിലെ എംപിമാരും എംഎല്‍എമാരമടക്കം 12 നേതാക്കള്‍ കുപ്രസിദ്ധ ധനകാര്യ സ്ഥാപന പ്രതിനിധികളില്‍ നിന്നും പണം വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവിട്ടത്.

വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന ഓരോ വ്യക്തികളും വാങ്ങുന്ന കറന്‍സി നോട്ടുകളുടെ നമ്പരുകള്‍ അടക്കമുള്ള വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രതിനിധി പറഞ്ഞു. നാരദാ ന്യൂസ് ചീഫ് എഡിറ്ററും സിഇഒയുമായ മാത്യു സാമുവലിന് പണം എവിടെ നിന്ന് ലഭിച്ചുവെന്നതും തൃണമൂല്‍ നേതാക്കള്‍ ഈ പണം എന്തിന് വിനിയോഗിച്ചു എന്ന കാര്യവും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ പരിധിയില്‍ വരും. ലോക്‌സഭ എംപിമാരായ സൗഗത റോയ്, സുവേന്ദു അധികാരി, സുല്‍ത്താന്‍ അഹമ്മദ്, അപരൂപ പൊഡ്ഡാര്‍, കാക്കോലി ഘോഷ് ദാസ്തിദാര്‍, പ്രസൂണ്‍ ബാനര്‍ജി എന്നിവരും മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കീം, മദന്‍ മിത്ര എന്നിവരും എംഎല്‍എ ഇഖ്ബാല്‍ അഹമ്മദ്, കൊല്‍ക്കത്ത മേയര്‍ സോവാന്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ പണം വാങ്ങുന്നത് നാരദാ ന്യുസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിനു കീഴില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഒളി ക്യാമറ ഓപ്പറേഷനെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രതികരിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിബിഐ ഇതുമായി ബന്ധപ്പെട്ട് കേസെടുത്തപ്പോള്‍ മോഡി സർക്കാർ സിബിഐയെ ഉപയോഗിച്ച് നോട്ടുനിരോധനത്തിനെതിരെ നിലപാട് സ്വീകരിച്ചതിന് പ്രതികാരം ചെയ്യുകയാണെന്നാണ് മമത ആരോപിച്ചത്.