ഇനി ഒളിച്ചോടണമെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റും വേണം; കമിതാക്കൾക്ക് തിരിച്ചടിയായി കോടതി വിധി

ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറയുന്നത്.

ഇനി ഒളിച്ചോടണമെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റും വേണം; കമിതാക്കൾക്ക് തിരിച്ചടിയായി കോടതി വിധി

വീട്ടുകാർ സമ്മതിക്കാതെ വരുമ്പോൾ പ്രേമിച്ച പെണ്ണിനെയും വിളിച്ച് ഒളിച്ചോടിയേക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കണേ. ഇനി ചുമ്മാ അങ്ങ് ഓടാൻ സാധിക്കില്ല. കയ്യിൽ പണമുണ്ടെങ്കിൽ മാത്രമേ ഓട്ടത്തെപ്പറ്റി ആലോചിക്കാവൂ. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് കമിതാക്കൾക്ക് തിരിച്ചടി കിട്ടുന്ന ഉത്തരവിറക്കിയത്.

വീട്ടുകാരറിയാതെ കൂട്ടിക്കൊണ്ടു വന്ന് കെട്ടുന്ന പെണ്ണിനെ പോറ്റാന്‍ ചെക്കന് കഴിവുണ്ടെന്ന് തെളിയിക്കാന്‍ ഭാര്യയുടെ പേരില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങിയതിന്‍റെ രേഖ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. വീട്ടുകാരില്‍ നിന്ന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പ്രണയവിവാഹിതരായ ദമ്പതിമാരുടെ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഇങ്ങനൊരു ഉത്തരവിറക്കിയത്.

ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാല്‍ സംരക്ഷണം നല്‍കാമെന്നാണ് കോടതി പറയുന്നത്. ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാര്‍ പലപ്പോഴും ജാതി, മത, സാമ്പത്തിക അസമത്വം ഉള്ളവരായിരിക്കും. അതു കൊണ്ടു തന്നെ വീട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമായും ഉണ്ടാവും. ഇങ്ങനെയുള്ള ദമ്പതിമാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

തിങ്കളാഴ്ച ഇത്തരത്തിലൊരു കേസ് പരിഗണിക്കവെ ഭര്‍ത്താവിനോട് ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം രൂപ ഭാര്യയുടെ പേരില്‍ മൂന്നു കൊല്ലത്തേക്കുള്ള സ്ഥിരനിക്ഷേപമാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച സമാനമായ കേസില്‍ ഒരു മാസത്തിനുള്ളില്‍ സ്ഥിരനിക്ഷേപത്തിന്‍റെ രേഖയുടെ കോപ്പി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

സംരക്ഷണം ഉറപ്പു വരുത്തുന്നതിനൊപ്പം ഇത്തരത്തിലുള്ള ഒളിച്ചോട്ട വിവാഹങ്ങളുടെ നിയമസാധുത അന്വേഷിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. നിയമവിരുദ്ധ വിവാഹങ്ങള്‍ നടക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More >>