കരോപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ കൊലപാതകം; 11 പേർ അറസ്റ്റിൽ

ജലീലിനോടുള്ള മുൻവൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക് നയിച്ചത്. 2016 ഡിസംബറില്‍ രാജേഷ് നായ്കിനെയും, സുഹൃത്തുക്കളെയും കരോപാടിയില്‍ വെച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. അന്ന് അക്രമിസംഘത്തെ പിന്തുണച്ചത് ജലീൽ ആണെന്ന സംശയം വൈരാഗ്യത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു. അധോലോക സംഘാംഗം വിക്കി ഷെട്ടിയാണ് കൊലപാതകത്തിനുള്ള സഹായങ്ങൾ നൽകിയത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കരോപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ കൊലപാതകം; 11 പേർ അറസ്റ്റിൽ

കേരളാതിർത്തിയോട് ചേർന്ന് കർണാടകയിലെ കരോപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു 11 പേരെ മംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ബേലന്തൂർ സ്വദേശി പ്രജ്‌വാൾ, വീരകമ്പ സ്വദേശി കേശവ, കൃഷ്ണപുര സ്വദേശി പ്രശാന്ത്, കന്യാന സ്വദേശികളായ സതീഷ് റേ, റോഷൻ, വചൻ, സവന്നൂർ സ്വദേശികളായ പുനീത്, സച്ചിൻ, പുഷ്പരാജ്, മാണി സ്വദേശികളായ രാജേഷ് നായ്ക്, നരസിംഹ ഷെട്ടി എന്നിവരാണ് പൊലീസ് പിടിയിലായത്.

രാജേഷ് നായ്‌ക്കും നരസിംഹ ഷെട്ടിയുമാണ് കൊലപാതകത്തിന്റെ സൂത്രധാരന്മാരെന്നു പൊലീസ് പറഞ്ഞു. ജലീലിനോടുള്ള മുൻവൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക് നയിച്ചത്. 2016 ഡിസംബറില്‍ രാജേഷ് നായ്കിനെയും, സുഹൃത്തുക്കളെയും കരോപാടിയില്‍ വെച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. അന്ന് അക്രമിസംഘത്തെ പിന്തുണച്ചത് ജലീൽ ആണെന്ന സംശയം വൈരാഗ്യത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു. അധോലോക സംഘാംഗം വിക്കി ഷെട്ടിയാണ് കൊലപാതകത്തിനുള്ള സഹായങ്ങൾ നൽകിയത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതികളില്‍ നിന്നും 11 ബൈക്കുകളും ഒരു ഓമ്‌നി വാനും രണ്ടു വടിവാളുകളും പോലീസ് കണ്ടെടുത്തു. രാജേഷ് നായ്ക്കിനും സതീഷ് റേക്കുമെതിരെ വിട്ള പൊലീസ് സ്റ്റേഷനിൽ നാല് ക്രിമിനൽ കേസുകൾ വീതം നിലവിലുണ്ട്.

ഏപ്രിൽ ഇരുപതാം തീയതിയാണ് മുഖം മൂടി ധരിച്ച് ബൈക്കുകളിലെത്തിയ സംഘം പട്ടാപ്പകൽ പഞ്ചായത്ത് ഓഫീസിനുള്ളിൽ കയറി ജലീലിനെ വെട്ടിക്കൊന്നത്. പഞ്ചായത്ത് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണ് മൃഗീയമായ കൊലപാതകം നടന്നത്. കേരളാ അതിർത്തിയിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയാണ് കരോപ്പാടി പഞ്ചായത്ത് ഓഫീസ് എന്നതിനാൽ തന്നെ കേരളാപോലീസും പ്രതികൾക്കായി അതിർത്തി പ്രദേശത്ത് വലവീശിയിരുന്നു.