ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: രണ്ടില ചിഹ്നം മരവിപ്പിച്ചു; എ.ഐ.എ.ഡി.എം.കെയുടെ പേരും ഉപയോഗിക്കാനാകില്ല

പനീര്‍ശെല്‍വം വിഭാഗത്തിനും ശശികല വിഭാഗത്തിനും ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരും. രണ്ടില ചിഹ്നത്തിനു വേണ്ടി ഇരു വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കുന്ന നടപടിയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷ്ന്‍ നീങ്ങിയത്.

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: രണ്ടില ചിഹ്നം മരവിപ്പിച്ചു; എ.ഐ.എ.ഡി.എം.കെയുടെ പേരും ഉപയോഗിക്കാനാകില്ല

അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില മരവിപ്പിയ്ക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ശശികലയുടെയും ഒ പനീര്‍ശെല്‍വത്തിന്റെയും വിഭാഗങ്ങള്‍ പുതിയ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. അണ്ണാ ഡിഎംകെ എന്ന പേര് ഉപയോഗിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പ്രവര്‍ത്തകരുടെയും പ്രാദേശികഘടകങ്ങളുടെയും പിന്തുണ അവകാശപ്പെട്ട് ശശികല, പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ഹാജരാക്കിയ രേഖകള്‍ ഇരുപതിനായിരത്തിലധികം പേജുണ്ടെന്നും ഇതു മുഴുവന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരിശോധിച്ച് അന്തിമതീരുമാനത്തില്‍ എത്താനാകാത്തതിനാലാണ് ചിഹ്നം മരവിപ്പിച്ച് ഇടക്കാല ഉത്തരവിറക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ എന്ന് മാത്രമുള്ള പേരില്‍ ഇരുപക്ഷത്തിനും മത്സരിയ്ക്കാനുമാകില്ല. മാതൃപാര്‍ട്ടിയായ അണ്ണാ ഡിഎംകെയുടെ പേരുമായി ബന്ധമുള്ളതോ അല്ലാത്തതോ ആയ പുതിയ പേരുകള്‍ ഇരുവിഭാഗവും ഇന്നു രാവിലെ പത്ത് മണിയോടെ സമര്‍പ്പിയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഏത് ചിഹ്നത്തിലാണ് മത്സരിയ്ക്കാനുദ്ദേശിയ്ക്കുന്നതെന്നും ഇരുവിഭാഗങ്ങളും അറിയിയ്ക്കണം. പാര്‍ട്ടിയുടെ അധികാരം സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ ഏപ്രില്‍ 17 വരെ ഹാജരാക്കാന്‍ അവസരമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ ഈ തീരുമാനം താല്‍ക്കാലികം മാത്രമാണെന്നായിരുന്നു ശശികല വിഭാഗം സ്ഥാനാര്‍ഥിയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരന്റെ പ്രതികരണം. കോടതിയെ സമീപിച്ച് ഇതിനെ മറികടക്കാനുള്ള നടപടികള്‍ ആലോചിയ്ക്കും. ചിഹ്നം തിരിച്ചുപിടിയ്ക്കുമെന്നും ദിനകരന്‍ പറഞ്ഞു. രാവിലെ 10 മണിയോടെ ഒപിഎസ് വിഭാഗം സ്ഥാനാര്‍ഥി ഇ മധുസൂദനനനും 11 മണിയോടെ ടിടിവി ദിനകരനും നാമനിര്‍ദേശപത്രിക സമര്‍പ്പിയ്ക്കും.

അണ്ണാ ഡിഎംകെയുടെ അഭിമാനത്തിന്റെ അടയാളമാണ് രണ്ടില ചിഹ്നം. 1987ല്‍ പാര്‍ട്ടി സ്ഥാപകന്‍ എംജിആറിന്റെ മരണശേഷം ജാനകി രാമചന്ദ്രന്റെയും ജയലളിതയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോഴും രണ്ടില ചിഹ്നത്തിന്‍മേല്‍ അവകാശത്തര്‍ക്കം ഉടലെടുത്തിരുന്നു. അന്നും ചിഹ്നം മരവിപ്പിയ്ക്കാന്‍ തന്നെയായിരുന്നു കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.