സൈന്യവുമായുള്ള ഏറ്റുമുട്ടൽ: ഹിസ്ബുല്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയടക്കം എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

12 നില കെട്ടിടത്തില്‍ ഹിസ്ബുല്‍ ഭീകരന്‍ സബ്‌സാര്‍ ഭട്ടുള്‍പ്പെടെ മൂന്ന് ഭീകരന്‍മാര്‍ ഒളിച്ചിരിക്കുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിയിരുന്നു സൈന്യത്തിന്റെ നടപടി.

സൈന്യവുമായുള്ള ഏറ്റുമുട്ടൽ: ഹിസ്ബുല്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയടക്കം എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്‌സാര്‍ ഭട്ടും ഉള്‍പ്പെടും. രണ്ടിടത്തായാണ് സൈന്യം ഭീകരരെ വെടിവെച്ചുകൊന്നത്.

പുല്‍വാമ ജില്ലയിലെ ട്രാല്‍ സെക്ടറില്‍ ഒളിച്ചിരുന്ന രണ്ട് ഭീകരന്‍മാരെയും ബാരാമുല്ല ജില്ലയിലെ രാംപൂര്‍ സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ആറ് ഭീകരരെയുമാണ് സൈന്യം വധിച്ചത്. ട്രാല്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിലാണ് സബ്‌സാര്‍ ഭട്ട് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. ഇവിടെ ഒളിച്ചിരിക്കുന്ന മറ്റൊരു ഭീകരനെ പിടിക്കാനായി സൈന്യം ശ്രമം തുടരുകയാണ്.

12 നില കെട്ടിടത്തില്‍ സബ്‌സാര്‍ ഭട്ടുള്‍പ്പെടെ മൂന്ന് ഭീകരന്‍മാര്‍ ഒളിച്ചിരിക്കുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെ നടപടി. രാംപൂര്‍ സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സംശയാസ്പദമായ നിലയില്‍ കണ്ട ഭീകരന്‍മാരെയാണ് സൈന്യം വെടിവെച്ചു കൊന്നത്. സൈന്യത്തിന് നേരെ ഭീകരര്‍ കനത്ത വെടിവെയ്പ്പ് നടത്തിയിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ആറ് ഭീകരരും കൊല്ലപ്പെട്ടത്.