ബാലറ്റ് പേപ്പർ വേണ്ട: കേജ്രിവാളിനോട് ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ട്രോണിക് വോട്ടിംഗ് മഷീൻ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞെന്നും അതുകൊണ്ട് ഇനി മാറ്റം വരുത്താൻ സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീ ഷണർ എസ് കെ ശ്രീവാസ്തവ പറഞ്ഞു.

ബാലറ്റ് പേപ്പർ വേണ്ട: കേജ്രിവാളിനോട് ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന അരവിന്ദ് കേജ്രിവാളിന്റെ ആവശ്യം ഡൽഹി സ്റ്റേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. നിയമങ്ങൾ പരിഷ്കരിക്കാൻ സമയമെടുക്കും എന്നാണ് കാരണമായി അറിയിച്ചത്.

ഇലക്ട്രോണിക് വോട്ടിംഗ് മഷീൻ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞെന്നും അതുകൊണ്ട് ഇനി മാറ്റം വരുത്താൻ സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനർ എസ് കെ ശ്രീവാസ്തവ പറഞ്ഞു.

"തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യമെങ്കിൽ ആദ്യം നിയമങ്ങൾ മാറ്റണം," ശ്രീവാസ്തവ പ്രസ്സ് കോൺഫറൻസിൽ അറിയിച്ചു.

2007 ലും 2012 ലും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ സമയം വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണമെങ്കിൽ ബാലറ്റ് പെട്ടികൾ വേണം. അത് ഇപ്പോൾ ലഭ്യമല്ല. പ്രിന്റ് ചെയ്ത പേപ്പറുകളും ഇല്ല. ഇലക്ട്രോണിക് വോട്ടിംഗ് മഷീനുകൾ രണ്ട് പ്രാവശ്യം പരിശോധിച്ച ശേഷമാണ് ഉപയോഗിക്കുന്നത്. പരിശോധിച്ച ശേഷം സീൽ ചെയ്താണ് റിട്ടേണീംഗ് ഓഫീസർമാർക്ക് കൈമാറുന്നത്, കമ്മീഷൻ വ്യക്തമാക്കി.

സമയം വളരെ കുറവായതിനാൽ നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് അരവിന്ദ് കേജ്രിവാൾ ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടിംഗ് മഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ച് ബി എസ് പി നേതാവ് മായാവതി സംശയം പ്രകടിപ്പിച്ചതിന്റെ തുടർച്ചയായാണ് കേജ്രിവാളിന്റെ ആവശ്യം എന്നതും ശ്രദ്ധേയമാണ്.