ധൃതരാഷ്ട്രര്‍ ദുര്യോധനനെ സഹായിച്ചതുപോലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുന്നു: കെജ്‌റിവാള്‍

''ഡല്‍ഹിയിലുള്ള മെഷീനുകള്‍ കുറ്റമറ്റതാണ്. എന്നാല്‍ രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്നവ കൃത്രിമം കാണിച്ചവയാണ്'' കെജ്‌റിവാള്‍ ആരോപിച്ചു

ധൃതരാഷ്ട്രര്‍ ദുര്യോധനനെ സഹായിച്ചതുപോലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുന്നു: കെജ്‌റിവാള്‍

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ വീണ്ടും രംഗത്തുവന്നു. മഹാഭാരതത്തില്‍ ദുര്യോധനനെ സഹായിക്കാന്‍ ധൃതരാഷ്ട്രര്‍ നടത്തിയ ശ്രമത്തിന് തുല്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തിയെന്ന് കെജ്‌റിവാള്‍ ആരോപിച്ചു. ''തന്റെ മകന്‍ ദുര്യോധനനെ ഏത് വിധത്തിലും വിജയിപ്പിക്കാനായി ധൃതരാഷ്ട്രര്‍ നടത്തുന്ന കളികള്‍ക്ക് തുല്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍'' കെജ്‌റിവാള്‍ പറഞ്ഞു.

അതേസമയം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ചിലയിടങ്ങളില്‍ കുറ്റമറ്റതായിരുന്നെന്ന് കെജ്‌റിവാള്‍ പറഞ്ഞു. ''ഡല്‍ഹിയിലുള്ള മെഷീനുകള്‍ കുറ്റമറ്റതാണ്. എന്നാല്‍ രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്നവ കൃത്രിമം കാണിച്ചവയാണ്'' കെജ്‌റിവാള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഏതറ്റം വരെയും പോരാടന്‍ ആം ആദ്മി പാര്‍ട്ടിയുണ്ടാകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ഈയിടെ മധ്യപ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പിനിടെയാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണം ശക്തമായത്. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന റിപ്പാര്‍ട്ടാണ് നല്‍കിയത്.