ട്വിറ്ററില്‍ ദ്രാവിഡവസന്തം: മോഡി നാടിനെതിരെ 'ദ്രാവിഡനാട്' പോരാട്ടം; തെന്നിന്ത്യ പുതിയ ഹാഷ് ടാഗ് മുഴക്കുന്നു!

നരേന്ദ്ര മോഡിക്ക് ഏറ്റവും വലിയ ഭീഷണി എന്ന് പ്രവചിച്ച ദ്രാവിഡനാട് പ്രക്ഷോഭത്തിന്റെ സൂചനയുമായി ട്വിറ്ററില്‍ ദ്രാവിഡനാട് എന്ന ഹാഷ് ടാഗ് വ്യാപകമായി പ്രചരിക്കുന്നു. ഹിന്ദി ആധിപത്യത്തിനെതിരായ ഈ പോരാട്ടത്തിന് ചരിത്രത്തില്‍ വേരുകളുണ്ട്.

ട്വിറ്ററില്‍ ദ്രാവിഡവസന്തം: മോഡി നാടിനെതിരെ ദ്രാവിഡനാട് പോരാട്ടം; തെന്നിന്ത്യ പുതിയ ഹാഷ് ടാഗ് മുഴക്കുന്നു!

കൃഷിയാവശ്യത്തിനുപയോഗിക്കുന്ന വളർത്തുമാടുകളെ കശാപ്പിനായി കൈമാറുന്നതും സംസ്ഥാനാതിർത്തി ലംഘിച്ചുള്ള കാലിക്കച്ചവടവും നിരോധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഓർഡിനൻസ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് എതിര്‍പ്പുകളും പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ തെന്നിന്ത്യയില്‍ #dravidanadu (ദ്രാവിഡനാട്) എന്ന ഹാഷ് ടാഗില്‍ ട്വിറ്റര്‍ യുദ്ധവും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ട്വിറ്റര്‍ ട്രെൻഡും ദ്രാവിഡനാട് ആണ്.

കേരളം മാത്രമല്ല, കര്‍ണാടക, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളും പുതിയ ഓർഡിനൻസിനെതിരെ എതിര്‍പ്പുയർത്തിക്കഴിഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആസാം, മേഘാലയ, മിസോറാം, നാഗാലാന്റ്, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ മാട്ടിറച്ചി ഉപയോഗം സാധാരണമാണ്. ഇതിനിടയിലാണു ദ്രാവിഡനാട് എന്ന ഹാഷ് ടാഗില്‍ നെറ്റിസന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സി എന്‍ അണ്ണാദുരൈ സ്ഥാപകനായ ദ്രാവിഡ മുന്നേട്ര കഴകവും ഇ വി രാമസ്വാമി നേതാവായിരുന്ന ജസ്റ്റിസ് പാര്‍ട്ടിയും ചേര്‍ന്നാണു ദ്രാവിഡനാട് എന്ന ആശയം ആദ്യം മുന്നോട്ടു വച്ചത്. തെക്കന്‍ ഏഷ്യയിലെ ദ്രാവിഡഭാഷ സംസാരിക്കുന്നവരുടെ സ്വയം ഭരണാധികാരമുള്ള സംസ്ഥാനം എന്നായിരുന്നു ദ്രാവിഡനാട് എന്നതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത്.

തുടക്കത്തില്‍ തമിഴ് സംസാരിക്കുന്ന ദേശങ്ങള്‍ മാത്രമേ ദ്രാവിഡനാട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. പിന്നീട് ആന്ധ്രാ പ്രദേശ്, കേരളം, കര്‍ണാടകം എന്നീ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളേയും ചേര്‍ക്കുകയായിരുന്നു. സിലോണ്‍ (ശ്രീലങ്ക), ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിലെ ദ്രാവിഡഭാഷ സംസാരിക്കുന്ന പ്രദേശങ്ങളും പരിഗണനയിലെത്തി.

ദ്രാവിഡനാടിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ 1940 മുതല്‍ 1960 വരെ ശക്തമായിരുന്നു. പക്ഷേ, തമിഴ് ആധിപത്യം വരുമോയെന്ന പേടി കാരണം തമിഴ്‌നാട് ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പിന്തുണ കാലക്രമത്തിൽ കുറഞ്ഞുവന്നു. 1960 ല്‍ ഡിഎംകെ പാര്‍ട്ടി സമ്മേളനത്തില്‍ വച്ചു ദ്രാവിഡനാട് എന്ന ആശയം ഉപേക്ഷിച്ചു. അണ്ണാദുരൈയുടെ അസാന്നിദ്ധ്യത്തില്‍ വച്ചായിരുന്നു ആ തീരുമാനം.എന്നാലിപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം, ദ്രാവിഡനാട് എന്ന ആശയത്തിനു കൂടിയാണ് പുതുജീവൻ നൽകിയിരിക്കുന്നത്. ട്വിറ്ററില്‍ പിന്തുണയും എതിര്‍പ്പുകളും വരുന്നുണ്ടെങ്കിലും ദ്രാവിഡനാട് എന്ന ഹാഷ് ടാഗ് വൈറലായിരിക്കുകയാണ്.

Story by
Read More >>