ഒരു കോടി വിലയുള്ള വെൻ്റിലേറ്ററുണ്ടെങ്കിലേ ചികിത്സിക്കൂ എന്ന് ഡോക്ടർ; 70 ശതമാനം പൊള്ളലേറ്റ കുഞ്ഞിന് ദാരുണാന്ത്യം

തിളച്ചവെള്ളം ശരീരത്തില്‍ വീണാണ് അന്‍ഷികയ്ക്ക് പൊള്ളലേറ്റത്.

ഒരു കോടി വിലയുള്ള വെൻ്റിലേറ്ററുണ്ടെങ്കിലേ ചികിത്സിക്കൂ എന്ന് ഡോക്ടർ; 70 ശതമാനം പൊള്ളലേറ്റ കുഞ്ഞിന് ദാരുണാന്ത്യം

പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിക്ക് മതിയായ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്ന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ അന്‍ഷിക അഹിര്‍വാറിന് ജീവന്‍ നഷ്ടപ്പെട്ടത്. ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മരണം. കുട്ടിയെ പരിശോധിക്കാനെത്തിയ ഡോക്ടര്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൌകര്യം ഒഴിവില്ലെന്നും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ബന്ധുക്കള്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്നുമാണ് മാതാപിതാക്കളോട് വ്യക്തമാക്കിയത്.

കുഞ്ഞിനെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കുട്ടിയെ പരിശോധിക്കാനെത്തിയ ഡോ ജ്യോതി റാവത്ത് മാതാപിതാക്കളോട് വെന്റിലേറ്റര്‍ കൊണ്ടുവരാനും നിര്‍ദ്ദേശിച്ചു. ഒരു കോടി രൂപ വിലയുള്ള വെൻ്റിലേറ്റർ കൊണ്ടു വരാനാണ് ഡോക്ടർ പറയുന്നത്.

കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഡോ ജ്യോതി റാവത്തിനെ സര്‍വ്വീസില്‍നിന്നും മെഡിക്കല്‍ കോളജ് സസ്‌പെന്റ് ചെയ്തു. പൊള്ളലേറ്റവരുടെ വിഭാഗത്തില്‍ വെന്റിലേറ്റര്‍ ഇല്ലാതിരുന്നതിനാലാണ് ചികിത്സ വൈകിയതെന്ന് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ ജിഎസ് പട്ടേല്‍ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ആകെ 17 വെന്റിലേറ്ററുകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.