കരുണാനിധിയുടെ പിറന്നാളിന് ബിജെപിയെ ക്ഷണിയ്ക്കുന്നില്ലെന്ന് ഡിഎംകെ; ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ഒത്തുചേരലാകും എന്ന് സൂചന

ദ്രാവിഡ പാര്‍ട്ടികളെ ഇല്ലാതാക്കുന്നതാണു പ്രഥമലക്ഷ്യം എന്നു ബിജെപി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഞങ്ങളുടെ നേതാവുമായി അവരിലൊരാള്‍ വേദി പങ്കിടുന്നതു സുഖകരമല്ലാത്ത അന്തരീക്ഷം ഉണ്ടാക്കും എന്നു കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ പറഞ്ഞു.

കരുണാനിധിയുടെ പിറന്നാളിന് ബിജെപിയെ ക്ഷണിയ്ക്കുന്നില്ലെന്ന് ഡിഎംകെ; ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ഒത്തുചേരലാകും എന്ന് സൂചന

ഡിഎംകെ തലവന്‍ എം കരുണാനിധിയുടെ 94 -ാം പിറന്നാള്‍ ആഘോഷത്തിനു ബിജെപിയെ ക്ഷണിക്കില്ലെന്നു സൂചന. സോണിയാ ഗാന്ധി, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍ തുടങ്ങിയ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ബിജെപിയിലെ ആർക്കും ക്ഷണക്കത്ത് അയച്ചിട്ടില്ല.

"ദ്രാവിഡ പാര്‍ട്ടികളെ ഇല്ലാതാക്കുന്നതാണു പ്രഥമലക്ഷ്യം എന്നു ബിജെപി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഞങ്ങളുടെ നേതാവുമായി അവരിലൊരാള്‍ വേദി പങ്കിടുന്നതു സുഖകരമല്ലാത്ത അന്തരീക്ഷം ഉണ്ടാക്കും"- കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ പറഞ്ഞു.

ചെന്നൈയില്‍ നടക്കാനിരിക്കുന്ന കരുണാനിധിയുടെ പിറന്നാളാഘോഷത്തില്‍ അല്പം രാഷ്ട്രീയം കൂടി കലര്‍ന്നിട്ടുണ്ട്. ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളുടെ ഒത്തുചേരല്‍ കൂടിയായിരിക്കും അത്. 2019 തെരഞ്ഞെടുപ്പിനു മുൻപ് എല്ലാ ബിജെപി വിരുദ്ധ പാര്‍ട്ടികളും ഒത്തുചേരുന്ന വേദി കൂടിയായിരിക്കും കരുണാനിധിയുടെ പിറന്നാള്‍.

സംസ്ഥാനത്തു പിടിമുറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയ്ക്കു ആശങ്കയുണ്ടാക്കുന്നുണ്ട്. അണ്ണാ ഡിഎംകെയെ വിഴുങ്ങി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനാണു ബിജെപിയുടെ ശ്രമങ്ങള്‍. പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ബിജെപി പ്രസിഡന്റ് അമിത് ഷാ ഈ മാസം തമിഴ്‌നാട് സന്ദര്‍ശിക്കുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. ആന്ധ്രാപ്രദേശിലെ വൈഎസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ച നിലയില്‍ കാര്യങ്ങള്‍ അല്പം കൂടി സങ്കീര്‍ണമാകുകയാണു സോണിയാ ഗാന്ധിയ്ക്ക്. അങ്ങിനെയിരിക്കുമ്പോള്‍ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒത്തു ചേരുന്ന കരുണാനിധിയുടെ പിറന്നാളാഘോഷം സോണിയയ്ക്ക് പ്രധാനപ്പെട്ടതായിരിക്കും.

അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തു ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തില്‍ അംഗമായിരുന്നു ഡിഎംകെ. അന്നു ഡിഎംകെയ്ക്കു സഖ്യത്തില്‍ പറയത്തക്ക പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. 2004 വരെ സഖ്യത്തില്‍ തുടര്‍ന്ന കരുണാനിധി ബിജെപിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചു സഖ്യം വിടുകയായിരുന്നു.

Story by