തെലങ്കാന പൊലീസ് വ്യാജ ഐസിസ് അക്കൗണ്ടിലൂടെ മുസ്ലീം യുവാക്കളെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നു: ദിഗ്‌വിജയ് സിങ്ങ്

ട്വിറ്ററിലാണ് സിങ്ങ് വിവാദ ആരോപണം നടത്തിയിരിക്കുന്നത്.

തെലങ്കാന പൊലീസ് വ്യാജ ഐസിസ് അക്കൗണ്ടിലൂടെ മുസ്ലീം യുവാക്കളെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നു: ദിഗ്‌വിജയ് സിങ്ങ്

തെലങ്കാന പൊലീസ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങ് ആരോപിച്ചു. ഈ നടപടിയിലൂടെ മുസ്ലീം യുവാക്കളെ ഐഎസിലെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സിങ്ങ് പറഞ്ഞു. ട്വിറ്ററിലാണ് സിങ്ങ് വിവാദ ആരോപണം നടത്തിയിരിക്കുന്നത്.''തെലങ്കാന പൊലീസ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിലൂടെ മുസ്ലീം യുവാക്കളെ തീവ്രചിന്താഗതിക്കാരാക്കുകയും ഇത് ക്രമേണ ഐസിസില്‍ ചേരുന്നതിന് കാരണമാവുകയും ചെയ്യുന്നു'' സിങ്ങ് ഇങ്ങനെ ട്വീറ്റ് ചെയ്തു. ഇത്തരത്തില്‍ പൊലീസിന് നിര്‍ദ്ദേശം കൊടുത്തത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണോയെന്ന് സിങ്ങ് മറ്റൊരു ട്വീറ്റില്‍ ചോദിച്ചു. ഉത്തരവാദിയെങ്കില്‍ റാവു രാജിവയ്‌ക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. മധ്യപ്രദേശില്‍ ബോംബ് സ്‌ഫോടനം നടത്തിയവര്‍ ഇത്തരത്തില്‍ പൊലീസുകാരാല്‍ വഴിതെറ്റിയവരാണെന്ന് അദ്ദേഹം ആരോപിച്ചു.

ഗോവ, കര്‍ണാടക സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ചുമതലകളില്‍ നിന്ന് ശനിയാഴ്ച കോണ്‍ഗ്രസ് സിങ്ങിനെ നീക്കിയിരുന്നു.