ഡല്‍ഹി ബലാത്സംഗ തലസ്ഥാനം: ബംഗളുരുവിനെക്കാള്‍ 19 ഇരട്ടി ബലാത്സംഗം തലസ്ഥാന നഗരിയില്‍

ഡല്‍ഹിയില്‍ നാല് മണിക്കൂറില്‍ ഒരു ബലാത്സംഗം നടക്കുന്നതായും രണ്ട് മണിക്കൂറില്‍ ഒരു സ്ത്രീ ലൈംഗിക പീഡനത്തിനിരയാകുന്നതായും കണക്കുകള്‍ പറയുന്നു. 18-25 പ്രായത്തിലുള്ള സ്ത്രീകളാണ് കൂടുതലായും ഇരകളാകുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡല്‍ഹി ബലാത്സംഗ തലസ്ഥാനം: ബംഗളുരുവിനെക്കാള്‍ 19 ഇരട്ടി ബലാത്സംഗം തലസ്ഥാന നഗരിയില്‍

ബലാത്സംഗങ്ങളുടെ കണക്കില്‍ രാജ്യ തലസ്ഥാനം ഏറ്റവും മുന്നില്‍. നിര്‍ഭയ അടക്കം നിരവധി പെണ്‍കുട്ടികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തപ്പെട്ടതിലൂടെ കുപ്രസിദ്ധി നേടിയ ഡല്‍ഹിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ് ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബംഗളുരുവില്‍ മൂന്ന് ബലാത്സംഗം നടക്കുന്നിടത്ത് 19 എണ്ണമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ഇതേ കാലയളവില്‍ മൂന്ന് സ്ത്രീകളാണ് മുംബൈയില്‍ ബലാത്സംഗത്തിനിരയാകുന്നത്. 2012ല്‍ ഡല്‍ഹിയില്‍ 706 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് വര്‍ധിച്ച് 2,115ലെത്തി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തിവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.

2015ല്‍ ഡല്‍ഹിയില്‍ 2,210 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ മുംബൈ, ബംഗളുരു എന്നിവിടങ്ങളില്‍ യഥാക്രമം 712, 112 എന്നിങ്ങനെയായിരുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബലാത്സംഗ ഇരകളില്‍ പകുതിയോളം കുട്ടികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹിയില്‍ നാല് മണിക്കൂറില്‍ ഒരു ബലാത്സംഗം നടക്കുന്നതായും രണ്ട് മണിക്കൂറില്‍ ഒരു സ്ത്രീ ലൈംഗിക പീഡനത്തിനിരയാകുന്നതായും കണക്കുകള്‍ പറയുന്നു. 18-25 പ്രായത്തിലുള്ള സ്ത്രീകളാണ് കൂടുതലായും ഇരകളാകുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീ സുരക്ഷയ്ക്കായി നഗരത്തിലെമ്പാടുമായി 4,000 ക്യാമറകള്‍ സ്ഥാപിച്ചിട്ടും ബലാത്സംഗ സംഭവങ്ങള്‍ കൂടുന്നത് ആശങ്കയാണുയര്‍ത്തുന്നത്.