ഡൽഹി നിസാമുദ്ദീൻ ദർഗയിൽ സ്ത്രീ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന ഒരു നോട്ടീസ് ദർഗയ്ക്കു പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പരാതിക്കാർ പറയുന്നു.

ഡൽഹി നിസാമുദ്ദീൻ ദർഗയിൽ സ്ത്രീ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഹസ്രത് നിസാമുദ്ദീൻ ഔലിയ ദർഗയിൽ സ്ത്രീപ്രവേശനം അനുവ് അദിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ദർഗയിലേയ്ക്കും അതിന്റെ പവിത്രസ്ഥാനത്തിലേയ്ക്കും പ്രവേശനം അനുവദിക്കാൻ കേന്ദ്രസർക്കാരിനോടും അറ്റധികാരികളോടും നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. പൊതുതാത്പര്യ ഹർജിയുടെ വാദം കേൾക്കൽ ഡൽഹി ഹൈക്കോടതി അടുത്തയാഴ്ചത്തേയ്ക്ക് മാറ്റി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തുറന്ന കോടതിയിൽ വീണ്ടും വാദം കേൾക്കും എന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മറ്റൊരു സ്ത്രീപ്രവേശന പരാതി ജുഡീഷ്യറിക്കു മുന്നിലെത്തുന്നത്.

സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന ഒരു നോട്ടീസ് ദർഗയ്ക്കു പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീപ്രവേശനം അനുവദിക്കണമെന്നും ഹർജിയിൽ പരാതിക്കാർ പറയുന്നു. ദർഗയിൽ ദർശനത്തിനു പോയി കയറാനാവാതിരുന്നവർ എന്നവകാശപ്പെടുന്ന മുന്ന് നിയമ വിദ്യാർത്ഥികളാണ് പരാതിക്കാർ.

ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ അധികാരികളേയും ഡൽഹി പൊലീസിനേയും സമീപിച്ചെന്നും എന്നാൽ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. കമലേഷ് കുമാർ മിശ്രയാണ് പരാതി ഫയൽ ചെയ്തത്. സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ഡൽഹി സർക്കാർ, പൊലീസ്, നിസാമുദ്ദീൻ ദർഗയുടെ മാനേജിംഗ് ട്രസ്റ്റ് എന്നിവരോട് ഉത്തരവിടണമെന്ന് പരാതിക്കാർ ആവശ്യപ്പെടുന്നു.