ടാക്‌സി ഡ്രൈവര്‍ കബളിപ്പിച്ചു; വിദേശ ടൂറിസ്റ്റിന് നഷ്ടമായത് 90,000 രൂപ

ആരോപണവിധേയനായ ടാക്‌സി ഡ്രൈവർ രാം പ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തു

ടാക്‌സി ഡ്രൈവര്‍ കബളിപ്പിച്ചു; വിദേശ ടൂറിസ്റ്റിന് നഷ്ടമായത് 90,000 രൂപ

ഭാഷയും രീതികളും അറിയാത്ത അപരിചിതമായ ഒരു നഗരത്തില്‍ വെല്ലുവിളികളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഡല്‍ഹിയില്‍ വന്നിറങ്ങുമ്പോള്‍ വഞ്ചിക്കപ്പെടേണ്ടി വരുമെന്ന് യുഎസ് പൗരനായ ജോര്‍ജ്ജ് വാന്‍മീറ്റര്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടുണ്ടാകില്ല.

ടാക്‌സി ഡ്രൈവറുടെ വഞ്ചനയില്‍ വാന്‍മീറ്റര്‍ക്ക് നഷ്ടമായത് 90,000 രൂപയിലേറെയാണ്. ആരോപണവിധേയനായ ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഗീതാ കോളനിയില്‍ താമസിക്കുന്ന രാം പ്രീത് ആണ് അറസ്റ്റിലായത്.

ഒക്ടോബര്‍ 18 ന് ഡല്‍ഹിയിലെത്തിയ വാന്‍മീറ്റര്‍ പഹര്‍ഗഞ്ചിലുള്ള ഹോട്ടലിലേക്ക് പോകുന്നതിനായി എയര്‍പോട്ടില്‍ നിന്ന് ടാക്‌സി വിളിച്ചു. പൊലീസ് ബാരിക്കേഡുകള്‍ നിരത്തിയ റോഡില്‍ കാര്‍ നിര്‍ത്തിയഡ്രൈവര്‍ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ നഗരം അടച്ചിട്ടിരിക്കുകയാണെന്ന് ജോര്‍ജ്ജിനോട് പറഞ്ഞു. അദ്ദേഹം റൂം ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെ ജീവനക്കാരന്‍ എന്ന വ്യാജേന മറ്റൊരാളെ ഫോണ്‍ ചെയ്ത് ഹോട്ടലും അടച്ചിട്ടിരിക്കുകയാണെന്ന് വിശദീകരിക്കുകയും ചെയ്തു.

'ഉത്സവ സീസണായതു കൊണ്ട് റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നാണ് അയാള്‍ ടൂറിസ്റ്റിനോട് പറഞ്ഞത്. പിന്നീട് കോണാട്ട് പ്ലേസിലുള്ള ഒരു വ്യാജ ടൂര്‍ ഏജന്‍സിയിലേക്ക് കൊണ്ടുപോയി. അവിടത്തെ സ്റ്റാഫ് പഹര്‍ഗഞ്ചിലെ ഹോട്ടല്‍ ഉദ്യോഗസ്ഥനെ ഫോണില്‍ കണക്ട് ചെയ്ത് കൊടുക്കുകയും ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണെന്നും പറഞ്ഞു. ' ഡെപ്യൂട്ടി കമ്മീഷണര്‍ പൊലീസ് ഈഷ് സിംഗാള്‍ പറഞ്ഞു.

എന്നാല്‍ സംശയം തോന്നിയ ജോര്‍ജ്ജ് വാന്‍മീറ്റര്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി. ഓട്ടോറിക്ഷ ഡ്രൈവറും ടാക്‌സി ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളാണ് ആവര്‍ത്തിച്ചത്. കൂടാതെ സഹായവും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഗോള്‍ മാര്‍ക്കറ്റിലെ ട്രാവല്‍ ഏജന്‍സിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും തനിക്ക് ആഗ്രയിലേക്കും ജയ്പൂരിലേക്കുമുള്ള ടൂര്‍ പാക്കേജ് വീണ്ടും ബുക്ക് ചെയ്യേണ്ടി വന്നു എന്നാണ് ജോര്‍ജ്ജ് വാന്‍മീറ്റര്‍ ആരോപിക്കുന്നത്.

പിന്നീട് അദ്ദേഹം ആഗ്രയിലെത്തി പഹരന്‍ഗഞ്ചിലെ ഹോട്ടലില്‍ വിളിച്ച് റീഫണ്ടിന്റെ കാര്യം അന്വേഷിച്ചപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം മനസ്സിലായത്. തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ക്കും സഹായികള്‍ക്കുമെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡ്രൈവര്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ ഒളിവിലാണ്.

Read More >>