ബൈക്ക് ഓടിക്കാന്‍ മാത്രമല്ല, രോഗികളെ ചികിത്സിക്കാനും ഹെല്‍മറ്റ്! ഡല്‍ഹിയില്‍ ഹെല്‍മറ്റ് ധരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം

രോഗികള്‍ക്കൊപ്പമെത്തുന്നവര്‍ ഡോക്ടര്‍മാരെ കായികമായി ഉപദ്രവിക്കുന്നെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായാണ് ഇന്നലെ ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ചെത്തി പ്രതിഷേധിച്ചത്. സമരത്തിന്റെ തുടര്‍ച്ചയായി ഇന്ന് ഡല്‍ഹിയിലെ ഇരുപതിനായിരം ഡോക്ടര്‍മാര്‍ ലീവെടുത്ത് പ്രതിഷേധിക്കും.

ബൈക്ക് ഓടിക്കാന്‍ മാത്രമല്ല, രോഗികളെ ചികിത്സിക്കാനും ഹെല്‍മറ്റ്! ഡല്‍ഹിയില്‍ ഹെല്‍മറ്റ് ധരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം

ഡല്‍ഹി എയിംസിലെ 1200 ഡോക്ടര്‍മാരാണ് ഇന്നലെ ഹെല്‍മറ്റ് ധരിച്ചെത്തി മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നല്‍കിയത്. രോഗികള്‍ക്കൊപ്പമെത്തുന്നവര്‍ തങ്ങളെ ശാരീരികമായി കയ്യേറ്റം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുവായിരത്തോളം ഡോക്ടര്‍മാര്‍ മൂന്ന് ദിവസമായി സമരത്തിലാണ്. ഇവര്‍ക്ക് പിന്തുണയുമായി ഡല്‍ഹിയിലെ ഇരുപതിനായിരത്തോളം ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും.


മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആറു മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭാസത്തിന്റെ ചുമതലയുള്ള മന്ത്രി ഗിരീഷ് മഹാജന്‍ മുന്നറിയിപ്പര് നല്‍കിയിരുന്നു. ജോലി ചെയ്യാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്നും ഈ ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നുമായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് രാജിവെക്കേണ്ടതുമാണെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ പറയുന്നു.

രോഗികള്‍ക്കൊപ്പം നിരവധി ബന്ധുക്കളും സുഹൃത്തുക്കളും വരുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് പേരില്‍ കൂടുതലാളുകളെ രോഗിയ്‌ക്കൊപ്പം നില്‍ക്കാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പലപ്പോഴും നിസാര കാര്യങ്ങള്‍ പറഞ്ഞാണ് ഉപദ്രവേല്‍പ്പിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ധുലെയിലെയും മുംബൈയിലേയും ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരരംഗത്തിറങ്ങിയത്. ഡോക്ടര്‍മാര്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം.

Read More >>