ആർഎസ്എസിൽ നിന്നും വധഭീഷണി; തൊ​ഗാഡിയക്കു പിന്നാലെ ആരോപണവുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്

എന്റെ കൂട്ടത്തിലുണ്ടായിരുന്നവർ എന്നെ പിന്നിൽനിന്ന് കുത്താനിടയുണ്ടെന്നും പ്രവീൺ തൊഗാഡിയയുടെ സ്ഥിതി വരുമോയെന്ന ഭയമുണ്ടെന്നും മുത്തലിക് പറഞ്ഞു. 40 കൊല്ലം ആർഎസ്എസിൽ ജീവിതം പാഴാക്കിയെന്നും ഇപ്പോൾ അബദ്ധധാരണകളിൽ നിന്ന് തനിക്ക് വ്യക്തത വന്നെന്നും ശ്രീരാമസേന നേതാവ് കൂട്ടിച്ചേർത്തു.

ആർഎസ്എസിൽ നിന്നും വധഭീഷണി; തൊ​ഗാഡിയക്കു പിന്നാലെ ആരോപണവുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്

ആർഎസ്എസ് സഹയാത്രികരിൽ നിന്നും വധഭീഷണിയുണ്ടെന്ന ആരോപണവുമായി ശ്രീ രാമസേന സഥാപകൻ പ്രമോദ് മുത്തലിക്. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ദുരൂഹമായ തിരോധാനവും തിരിച്ചുവരവും തന്നെ കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന പ്രസ്താവനയും ഇറങ്ങി ദിവസങ്ങൾക്കകമാണ് മറ്റൊരു സംഘപരിവാർ നേതാവും സമാന ആരോപണവുമായി രം​ഗത്തെത്തിയത്. 2009ൽ മംഗലൂരുവിലെ ഒരു പബ്ബിൽ സ്ത്രീകളെയടക്കം ആക്രമിച്ചതിന് ശേഷം ശ്രീരാമസേനയുടെ പ്രവർത്തനം കുറഞ്ഞിരുന്നു.

സിഎൻഎൻ ന്യൂസ് 18നോട് സംസാരിക്കവെയാണ് തന്റെ കൂട്ടത്തിലുണ്ടായിരുന്നവർ പിന്നിൽനിന്ന് കുത്താനിടയുണ്ടെന്നും പ്രവീൺ തൊഗാഡിയയുടെ സ്ഥിതി വരുമോയെന്ന ഭയമുണ്ടെന്നും മുത്തലിക് പറഞ്ഞത്. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ എന്നിവരൊക്കെ പ്രത്യക്ഷത്തിൽത്തന്നെ ശത്രുക്കളാണെന്നും സ്വന്തം കൂട്ടത്തിലെ ആളുകൾ തനിക്ക് പിറകേയുണ്ടെന്നും മുത്തലിക് പറഞ്ഞു. തന്റെ പ്രശസ്തി കൂട്ടത്തിലുള്ളവർക്ക് ഇഷ്ടമല്ലെന്നും മുത്തലിക് കൂട്ടിച്ചേർത്തു.

കർണാടകയിലെ ആർഎസ്എസ് നേതാവ് മങ്കേഷ് ഭേണ്ടേക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ട്. കർണാടകയിൽ നിൽക്കുന്നത് അയാൾക്കിഷ്ടമില്ല. 40 കൊല്ലം ആർഎസ്എസിൽ ജീവിതം പാഴാക്കിയെന്നും ഇപ്പോൾ അബദ്ധധാരണകളിൽ നിന്ന് തനിക്ക് വ്യക്തതയുണ്ടായതായും ശ്രീരാമസേന നേതാവ് കൂട്ടിച്ചേർത്തു.

2014 മുതൽ ഗോവയിൽ പ്രവേശിക്കുന്നതിൽ നിന്ന് മുത്തലിക്കിനെ വിലക്കിയ ഗോവൻ സർക്കാർ കഴിഞ്ഞമാസം ഈ വിലക്ക് രണ്ടുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വിഎച്ച്പി അഖിലേന്ത്യ നേതാവ് പ്രവീൺ തൊഗാഡിയയെ കാണാതായതും പിന്നീട് തന്നെ കൊലപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നതായി തൊഗാഡിയ പരാതിപ്പെട്ടതും.

Read More >>