'എപ്പോൾ വേണമെങ്കിലും വീടുകൾ തകർത്ത് അവർ ഞങ്ങളെ ഓടിക്കും'; സേലത്ത് ദളിതർ സ്വന്തം മണ്ണിനുവേണ്ടി പ്രക്ഷോഭത്തിൽ

2008ൽ ജമീന്ദാർ കുടുംബത്തിൽ പെട്ട വിജയശിവം ഇവരുടെ ഗ്രാമത്തോട് ചേർന്ന് ശാന്താനന്ദനത്ത് പന്ത്രണ്ട് ഏക്കർ നാൽപ്പത് സെന്റ് ഭൂമി വാങ്ങിയതോടെ ഇവരുടെ നേർക്ക് അക്രമം തുടങ്ങി. ഏതുവഴിക്കും ദളിത് കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്

എപ്പോൾ വേണമെങ്കിലും വീടുകൾ തകർത്ത് അവർ ഞങ്ങളെ ഓടിക്കും; സേലത്ത് ദളിതർ സ്വന്തം മണ്ണിനുവേണ്ടി പ്രക്ഷോഭത്തിൽ

തമിഴ്‌നാട്ടിൽ സേലം ജില്ലയിലെ പേട്ടനായക്കൻപാളയം കല്യാണഗിരി പടിയാച്ചിയൂർ ഗ്രാമത്തിലെ മുപ്പതു ദളിത് കുടുംബങ്ങൾ മണ്ണിനും ജീവനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. 'എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ വീടുകൾ തകർക്കപ്പെടും, നാടുവിട്ട് ഓടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്' - സമരത്തിന് നേതൃത്വം നൽകുന്ന വിടുതലൈ സിരുത്തൈ നേതാവ് അമ്മാസി പറയുന്നു. സർക്കാർ സംവിധാനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും വിലക്കെടുത്ത ഭൂമികയ്യേറ്റക്കാരൻ, രണ്ടു നൂറ്റാണ്ടായി ഇവിടെ താമസിച്ചുവരുന്ന ദളിത് കുടുംബങ്ങളെ ഇറക്കിവിടാൻ ശ്രമിക്കുകയാണ്.

പടിയാച്ചിയൂരിൽ തലമുറകളായി താമസിച്ചു വരികയായിരുന്നു ഇവർ. 1991ൽ എല്ലാ കുടുംബങ്ങൾക്കും സർവേ നമ്പർ ലഭിക്കുകയും ഭൂമിക്ക് പട്ടയം ലഭിക്കുകയും ചെയ്തു. അന്ന് മുതൽ നാളിതുവരെ എല്ലാവരും വീട്ടു നികുതി അടക്കുന്നുണ്ട്. എല്ലാവർക്കും റേഷൻ കാർഡും വൈദ്യുതി കണക്ഷനുമുണ്ട്. ആധാർ കാർഡും വോട്ടർ കാർഡും എല്ലാവർക്കും ഉണ്ട്.

എന്നാൽ 2008ൽ ജമീന്ദാർ കുടുംബത്തിൽ പെട്ട വിജയശിവം ഇവരുടെ ഗ്രാമത്തോട് ചേർന്ന് ശാന്താനന്ദനത്ത് പന്ത്രണ്ട് ഏക്കർ നാൽപ്പത് സെന്റ് ഭൂമി വാങ്ങിയതോടെ ഇവരുടെ നേർക്ക് അക്രമം തുടങ്ങി. ഏതുവഴിക്കും ദളിത് കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അനുരഞ്ജനത്തിന്റെയും ഭീഷണിയുടെയും ഭാഷ ഫലിക്കാതെ വന്നതോടെ ഇവരുടെ പട്ടയം റദ്ദാക്കി ഭൂമിയിൽ നിന്ന് ഇറക്കിവിടാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. റവന്യൂ ഡിപ്പാർട്ട്മെന്റ് വിജയശിവത്തോടൊപ്പമാണെന്ന് ഇവർ പറയുന്നു.

പുറമ്പോക്കിലാണ് വീടുകൾ സ്ഥിതിചെയ്യുന്നതെന്ന് ആരോപിച്ച് പൊളിച്ച് നീക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വിജയശിവത്തിന്റെ ബന്ധുവാണ് പഞ്ചായത്ത് പ്രസിഡന്റ്. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും എന്ത് ആപത്ത് സംഭവിക്കാമെന്ന ഭീതിയും മുപ്പതു വീടുകളിലും നിറഞ്ഞു നിൽക്കുന്നു. മണ്ണും വീടും വിട്ട് മടങ്ങാൻ ആരും തയ്യാറല്ല. 'വിടുതലൈ സിരുത്ത'യുടെ നേതൃത്വത്തിൽ മണ്ണിനുവേണ്ടി പോരാടുകയാണ് ഇവർ.

Read More >>