അലി​ഗഢിൽ ദളിത് കുടുബങ്ങൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക്; കാരണമായത് ജാതിവിവേചനവും കടുത്ത പീഡനവും

മേൽജാതിക്കാരിൽ നിന്നും പൊലീസിൽ നിന്നും നിരന്തരം നേരിടുന്ന പീഡനങ്ങളുടേ പശ്ചാത്തലത്തിലാണ് ദളിത് കുടുംബങ്ങൾ ഒന്നാകെ ഇസ്ലാം മതം സ്വീകരിച്ചത്.‌ മുമ്പ് തമിഴ്നാട്ടിലെ മീനാക്ഷിപുരം ​ഗ്രാമമൊന്നാകെ ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. മേൽജാതിക്കാരിൽ നിന്നുള്ള കടുത്ത ചൂഷണങ്ങളും പീഡനങ്ങളും വിവേചനവും സഹിക്കാനാവാതെയായിരുന്നു ഈ തീരുമാനം. 1981 ഫെബ്രുവരി 19നായിരുന്നു ഇത്. ദേശീയതലത്തിൽ തന്നെ വൻ ചർച്ചകൾക്കു വഴിതെളിച്ച ഈ സംഭവത്തിന്റെ പ്രതിധ്വനി ഇന്നും ഇന്നും മാഞ്ഞിട്ടില്ല. രൂക്ഷമായ വർണവെറി അസഹനീയമാവുന്നതാണ് ഇത്തരത്തിൽ മാറിച്ചിന്തിക്കാൻ ദളിതരെ പ്രേരിപ്പിക്കുന്നത്.

അലി​ഗഢിൽ ദളിത് കുടുബങ്ങൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക്; കാരണമായത് ജാതിവിവേചനവും കടുത്ത പീഡനവും

കടുത്ത ജാതിവിവേചനത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലെ സഹാറൻപൂറിൽ ദളിതർ ബുദ്ധമതത്തിലേക്കു ചേക്കേറിയതിനു പിന്നാലെ അലി​ഗഢിൽ ദളിത് കുടുംബങ്ങൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക്. മേൽജാതിക്കാരിൽ നിന്നും പൊലീസിൽ നിന്നും നിരന്തരം നേരിടുന്ന പീഡനങ്ങളുടേ പശ്ചാത്തലത്തിലാണ് ദളിത് കുടുംബങ്ങൾ ഒന്നാകെ ഇസ്ലാം മതം സ്വീകരിച്ചത്.

മേൽജാതിക്കാരുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജാതിയുടെ പേരിൽ പൊലീസ് തങ്ങളെ നിരന്തരം പീഡിപ്പിക്കുന്നതായി ഇസ്ലാം ആശ്ലേഷിച്ച ദളിത് വിഭാ​ഗക്കാർ ചൂണ്ടിക്കാട്ടി. കെശോപൂർ-ജാഫ്രി ​ഗ്രാമത്തിലെ ഒരു ഓവുചാൽ നിർമാണവുമായി ബന്ധപ്പെട്ട് ഉന്നതജാതിക്കാരുമായി കെശ്പൂർ ​ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിലെ അം​ഗങ്ങൾ തർക്കമുണ്ടായിരുന്നു. ഈമാസം 16നായിരുന്നു സംഭവം. തർക്കം സംഘട്ടനത്തിൽ കലാശിച്ചതോടെ നിരവധി ദളിതർക്കു പരിക്കേറ്റു. ഉന്നതജാതിയായ താക്കൂർ വിഭാ​ഗക്കാരായിരുന്നു ഇവരെ അക്രമിച്ചത്.

തുടർന്ന്‌ ഇരുവിഭാ​ഗത്തിലേയും ആളുകൾക്കെതിരെ പൊലീസ് 17 എഫ്ഐആർ ​രജിസ്റ്റർ ചെയ്യുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അക്രമികളിൽ പ്രധാനിയും താക്കൂർ ജാതിക്കാരനുമായ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് ദളിതർ ആരോപിക്കുന്നു.

നടപടിയെടുക്കുന്നതിൽ പരിസ്ഥാൻ പൊലീസ് തങ്ങളോടു വിവേചനം കാണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ദളിത് കുടുംബങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊലീസ് താക്കൂർ വിഭാ​ഗക്കാർക്ക് ഒത്താശ ചെയ്യുകയും തങ്ങളെ നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നതായി ഇവർ ആരോപിച്ചു.

തങ്ങൾക്കു നീതി ലഭ്യമായില്ലെങ്കിൽ ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യുമെന്ന് ഇവർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, വീണ്ടും പീഡനം തുടർന്നതോടെ ​ഗ്രാമത്തിലെ 49 കുടുംബങ്ങളൊന്നാകെ ഇസ്ലാം സ്വീകരിക്കുകയായിരുന്നു. ‍‍

'പൊലീസിന്റെയും മേൽജാതിക്കാരുടേയും പീഡനം തുടർന്നതോടെ പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെ ഞങ്ങൾ ഇസ്ലാം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, ഞങ്ങളുടെ ആരാധനാമൂർത്തീ വി​ഗ്രഹങ്ങളെല്ലാം ഞങ്ങൾ കുളത്തിലെറിയുകയും ചെയ്തു'- ഇസ്ലാം മതം സ്വീകരിച്ച ചന്ദ്രവീർ ജാദവ്

'ഞങ്ങളുടെ കുട്ടികളും സ്ത്രീകളും ഭയംമൂലം ഇപ്പോൾ പുറത്തിറങ്ങുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ മതംമാറാൻ തീരുമാനിച്ചത്. ദളിതർക്കെതിരെ തെറ്റായ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസ് തിടുക്കം കാണിക്കുകയാണ്. എന്നാൽ മേൽജാതിക്കാർക്കെതിരെ ചെറിയ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇനിയും ഇത്തരം അനീതികൾ തുടർന്നാൽ ബാക്കി കുടുംബങ്ങൾ കൂടി വെള്ളിയാഴ്ച ഇസ്ലാം സ്വീകരിക്കാനാണ് തീരുമാനം'- മറ്റൊരു ദളിതനായ ഹരിസിങ് ജാദവ് പറയുന്നു

അതേസമയം, സംഭവം വിവാദമായതോടെ പൊലീസിനൊപ്പം ജില്ലാ ഉദ്യോ​ഗസ്ഥ മേധാവികൾ സ്ഥലം സന്ദർശിക്കാൻ നിർബന്ധിതരായി. സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പങ്കജ് ശർമയുടെ നേതൃത്വത്തിലുള്ള ഉദ്യോ​ഗസ്ഥരാണ് ഇവിടെയെത്തിയത്. പൊലീസ് തക്കതായ നട‌പടികൾ സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ​ഗ്രാമത്തിനകത്ത് വിഭാ​ഗീയതയകളൊന്നുമില്ലെന്ന വാദമുന്നയിച്ച അദ്ദേഹം‌ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വെറുപ്പ് ഇല്ലാതാക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും പറഞ്ഞു മടങ്ങി.

അതേസമയം, മതം മാറാൻ ദളിതർക്കു സമ്മർദ്ദമുണ്ടായിരുന്നു എന്നാണ്‌ മുതിർന്ന പൊലീസ് സൂപ്രണ്ടായ രാജേഷ് പാണ്ഡേയുടെ കണ്ടെത്തൽ. ചില ആളുകൾ അവരെ രാഷ്ട്രീയലാഭത്തിനു വേണ്ടി വഴിതെറ്റിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വിവേചനം കാണിച്ചുവെന്ന ആരോപണവും അദ്ദേഹം തള്ളി.

മുമ്പ് തമിഴ്നാട്ടിലെ മീനാക്ഷിപുരം ​ഗ്രാമമൊന്നാകെ ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. മേൽജാതിക്കാരിൽ നിന്നുള്ള കടുത്ത ചൂഷണങ്ങളും പീഡനങ്ങളും വിവേചനവും സഹിക്കാനാവാതെയായിരുന്നു ഈ തീരുമാനം. 1981 ഫെബ്രുവരി 19നായിരുന്നു ഇത്. ദേശീയതലത്തിൽ തന്നെ വൻ ചർച്ചകൾക്കു വഴിതെളിച്ച ഈ സംഭവത്തിന്റെ പ്രതിധ്വനി ഇന്നും ഇന്നും മാഞ്ഞിട്ടില്ല.


ജാതിവിവേചനത്തിന്റെ ഏറ്റവും ക്രൂരമായ രീതിയിലൂടെയായിരുന്നു മീനാക്ഷിപുരത്തെ ദളിതർ കടന്നുപോയിരുന്നത്. ഇവിടുത്തെ ദളിതരും മറ്റു ന്യൂനപക്ഷജാതികൾക്കും ഉന്നതജാതിക്കാരായ തേവർ വിഭാ​ഗത്തിൽ നിന്നും കടുത്ത പീഡനങ്ങളാണ് ഏൽക്കേണ്ടിവന്നിരുന്നത്.‌ ഇതാണ് അവരെ ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണു വിലയിരുത്തൽ.

2016 ജൂൺ 28ന് തമിഴ്നാട്ടിലെ രണ്ടു ​ഗ്രാമങ്ങളിലെ 250ഓളം ഹിന്ദു ദളിത് കുടുംബങ്ങൾ ഇസ്ലാം സ്വീകരിച്ചിരുന്നു. നാ​ഗപ്പട്ടണം ജില്ലയിലെ പഴങ്കല്ലിമേട്ടിൽനിന്നും 180 ദളിത് കുടുംബങ്ങളും നാ​ഗപ്പള്ളിയിൽ നിന്നും 70ഓളം കുടുംബങ്ങളുമാണ് ഇസ്ലാം ആശ്ലേഷിച്ചത്.

കൂടാതെ, 2015 ഓ​ഗസ്റ്റ് എട്ടിനു ഹരിയാനയിലെ ഹിസാർ വില്ലേജിലെ 100ഓളം ദളിത് കുടുംബങ്ങളും ഇസ്ലാമിലേക്ക് പ്രവേശിച്ചിരുന്നു. മേൽജാതിക്കാരായ ജാട്ട് സമുദായത്തിൽ നിന്നും കൊടിയ ജാതിപീഡനം നിരന്തരം ഏൽക്കേണ്ടിവരുന്നതുകൊണ്ടാണ് തങ്ങൾ ഇത്തരമൊരു തീരുമാനം എടുക്കാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെമ്പാടും ഇത്തരത്തിൽ പല സമയങ്ങളിലായി ദളിതർ ഇസ്ലാമിലേക്കു പരിവർത്തനം ചെയ്തിട്ടുണ്ട്. രൂക്ഷമായ വർണവെറി അസഹനീയമാവുന്നതാണ് ഇത്തരത്തിൽ മാറിച്ചിന്തിക്കാൻ ദളിതരെ പ്രേരിപ്പിക്കുന്നത്.