ബംഗളൂരുവില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് ബാലന്റെ തല തൂണിലിടിപ്പിച്ചു

ബംഗളൂരുവിലെ നേലമംഗലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് അവിടുത്തെ പൂജാരി ഏഴുവയസ്സുകാരനായ ദളിത് ബാലന്റെ തല തൂണില്‍ ഇടിപ്പിച്ചത്. സൗജന്യമായി കൊടുക്കുന്ന പ്രസാദം വാങ്ങാനായിരുന്നു താന്‍ അമ്പലത്തില്‍ കയറിയതെന്ന് കുട്ടി പറഞ്ഞു.

ബംഗളൂരുവില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് ബാലന്റെ തല തൂണിലിടിപ്പിച്ചു

അയിത്തം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയാണ് ബംഗളൂരുവില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ ഏഴുവയസ്സുകാരനായ ദളിത് ബാലന്റെ തല തൂണിലിടിപ്പിച്ച സംഭവം. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് മര്‍ദ്ദനത്തിനിരയായ സന്തോഷ് എന്ന ബാലന്‍ പറയുന്നു, ''ഞായറാഴ്ച ദിവസങ്ങളില്‍ സൗജന്യമായി ലഭിക്കുന്ന പായസം വാങ്ങാന്‍ വേണ്ടിയാണ് ഞാന്‍ അമ്പലത്തിനുള്ളില്‍ കയറിയത്. ആരോട് ചോദിച്ചിട്ടാണ് അമ്പലത്തില്‍ കയറിയതെന്ന് ചോദിച്ച് പൂജാരി എന്നെ അടിക്കുകയും തല പിടിച്ച് തൊട്ടടുത്തുള്ള തൂണില്‍ ഇടിപ്പിക്കുകയുമായിരുന്നു'' ബംഗളൂരുവിലെ ചെരുപ്പുകുത്തിയുടെ മകനാണ് സന്തോഷ്. ഇവിടുത്തെ രുദ്രേശ്വര ക്ഷേത്രത്തിലെ പൂജാരിയായ വിജയകുമാര്‍ ആണ് സന്തോഷിനെ മര്‍ദ്ദിച്ചത്.

സന്തോഷിന്റെ കൂടെ കൂട്ടുകാരനായ ചേതന്‍ കുമാറും ഉണ്ടായിരുന്നു. ഈ കുട്ടിയെയും ഉപദ്രവിക്കാന്‍ പൂജാരി ശ്രമിച്ചിരുന്നു. ഇവര്‍ രണ്ടുപേരോടുമായി എവിടെ നിന്നാണ് വരുന്നതെന്ന് ഇയാല്‍ ചോദിച്ചു. ദളിത് കോളനിയായ ജയനഗറില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ കുട്ടികളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. സന്തോഷ് പൂജാരിയോട് എതിര്‍ത്തു സംസാരിക്കുരയും ചെയ്തു. അപ്പോഴാണ് പൂജാരി സന്തോഷിന്റെ തല പിടിച്ച് തൂണിലിടിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഈ സംഭവം നടന്നത്. എന്നാല്‍ ചൊവ്വാഴ്ചയാണ് ഈ സംഭവത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തത്. ദളിത് ഗ്രൂപ്പുകളും മാധ്യമങ്ങളും സമ്മര്‍ദ്ദം നടത്തിയതിന്റെ ഫലമായിട്ടാണ് കേസെടുക്കാന്‍ തയ്യാറായത്. എന്നാല്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വരെ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പൂജാരി തയ്യാറായിരുന്നു. എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷം ഇയാള്‍ എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. പല തവണ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കാന്‍ ചെന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല എന്ന സന്തോഷിന്റെ അമ്മ മുനിരത്‌നമ്മ പറയുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തതിന് ശേഷമാണ് കേസെടുത്തത്. പിന്നീട് ഉയര്‍ന്ന പൊലീസ് മേധാവി ഇവരുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

സംഭവം നടന്ന് രണ്ട് ദിവസം പൂര്‍ത്തിയായ അവസരത്തില്‍ ഞായറാഴ്ച ഒരു തവണ മാത്രമാണ് സന്തോഷിന്റെ തലയിലെ മുറിവ് ഡ്രസ് ചെയ്തിട്ടുള്ളത്. കുറച്ചുകൂടി ഭേദപ്പെട്ട ആശുപത്രിയില്‍ പോയി തല സ്‌കാന്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കാന്‍ ചെയ്യാനുള്ള തുക 2500 രൂപയാണ്. അത്രയും പണം തങ്ങളുടെ കൈവശമില്ലെന്ന് സന്തോഷിന്റെ അമ്മ പറയുന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റി ആയ എന്‍എസ് നാഗരാജ് ഇങ്ങനെ പറയുന്നു. ''പ്രസാദം വാങ്ങാനല്ല, പണം മോഷ്ടിക്കാനാണ് ഇവര്‍ എത്തിയത്. മോഷണശ്രമത്തിനിടെ പിടിക്കപ്പെട്ടപ്പോള്‍ ഓടിവീണാണ് കുട്ടിയുടെ തല പൊട്ടിയത്.'' ഡിവൈഎസ് പി ശ്രീധര്‍ ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More >>