മോദി പങ്കെടുക്കുന്ന സയൻസ് കോൺഗ്രസിൽ നിന്നും ദലൈലാമ പിന്മാറി

ക്ഷണിക്കപ്പെട്ട പത്ത് പേരിൽ ബംഗ്‌ളാദേശ് ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ മുഹമ്മദ് യൂനുസ് മാത്രമാണ് ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കാമെന്നുറപ്പ് നൽകിയിരിക്കുന്നത്.

മോദി പങ്കെടുക്കുന്ന സയൻസ് കോൺഗ്രസിൽ നിന്നും ദലൈലാമ പിന്മാറി

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സയൻസ് കോൺഗ്രസിൽ നിന്നും ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ പിന്മാറി. ഈ ആഴ്ചയുടെ അവസാനത്തിൽ മണിപ്പൂരിലായിരുന്നു പരിപാടി നടക്കുന്നത്. പരിപാടിയുടെ ഉദ്‌ഘാടകനാണ് മോദി.

നേരത്തെ ന്യൂ ഡൽഹിയിൽ വെച്ച് ദലൈലാമ പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടി സർക്കാർ അടുത്തിടെ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ പ്രതിഷേധ സൂചകമായിട്ടാണോ സയൻസ് കോൺഗ്രസിൽ നിന്നും ദലൈലാമയുടെ പിന്മാറ്റമെന്ന സംശയമുയരുന്നുണ്ട്.

ദലൈലാമയെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ലെന്നും ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷന്റെ പ്രസിഡന്റ് അച്യുത സമന്ത പറഞ്ഞു. എന്നാൽ ക്ഷണിതാക്കളുടെ പട്ടികയിൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വെബ്‌സൈറ്റിൽ ഇപ്പോഴും ദലൈലാമയുടെ പേരുണ്ട്.

നേരത്തെ പത്ത് നോബൽ സമ്മാന ജേതാക്കൾ പരിപാടിയിൽ പങ്കെടുക്കാമെന്നറിയിച്ചെങ്കിലും പരിപാടി നീട്ടി വെച്ചതിനെത്തുടർന്ന് പലരും പിന്മാറിയിരുന്നു. സയൻസ് കോൺഗ്രസ്സ് സാധാരണ ജനുവരി ആദ്യ വാരമാണ് നടക്കേണ്ടത്. ഇത് നീണ്ടതിനെത്തുടർന്നാണ് പലരും പിന്മാറിയത്. ക്ഷണിക്കപ്പെട്ട പത്ത് പേരിൽ ബംഗ്‌ളാദേശ് ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ മുഹമ്മദ് യൂനുസ് മാത്രമാണ് ഇപ്പോൾ പരിപാടിയിൽ പങ്കെടുക്കാമെന്നുറപ്പ് നൽകിയിരിക്കുന്നത്.

ടിബറ്റ് സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്നും വിട്ടു നിൽക്കണമെന്ന ഇന്ത്യയുടെ നിർദേശവും ദലൈലാമയുടെ പിന്മാറ്റത്തിന് കാരണമായി പറയപ്പെടുന്നുണ്ട്. ഈ മാസാരംഭത്തിൽ വിദശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ടിബറ്റ് നേതൃത്വം നൽകുന്ന പരിപാടികളിൽ നിന്നും വിട്ടു നിൽക്കാൻ കാബിനറ്റ് സെക്രട്ടറി പികെ സിൻഹ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

Read More >>