രാജ്നാഥ് സിംഗിനോടായി ജവാന്റെ അഭ്യര്‍ത്ഥന: നാണമുണ്ടെങ്കില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ബഹുമതികള്‍ അര്‍പ്പിക്കരുത്!

കടുത്ത അച്ചടക്കനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിഞ്ഞിട്ടും തങ്ങള്‍ നേരിടുന്ന പ്രയാസങ്ങളെ സോഷ്യല്‍ മീഡിയ വഴി പരാതിപ്പെടുവാന്‍ ജവാന്മാര്‍ തയ്യാറാകുന്നു എന്നുള്ളത് നേതൃത്വത്തിന് നിസാരമായി കാണാന്‍ കഴിയില്ല.

രാജ്നാഥ് സിംഗിനോടായി ജവാന്റെ അഭ്യര്‍ത്ഥന: നാണമുണ്ടെങ്കില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ബഹുമതികള്‍ അര്‍പ്പിക്കരുത്!

കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സി.ആര്‍.പി.എഫ് ജവാന്‍ പങ്കജ് മിശ്ര ഫേസ്ബുക്ക് വീഡിയോ വൈറലാകുന്നു. വെസ്റ്റ് ബംഗാളിലെ സി.ആര്‍.പി.എഫ് 221 ബറ്റാലിയനില്‍ സൈനികനാണ് മിശ്ര.

ഡി.ജി സാഹെബും ചില ഉദ്യോഗസ്ഥരും സുഖ്മാ സന്ദര്‍ശിക്കാന്‍ എത്തുന്നതായി അറിയുന്നു. എനിക്ക് പറയാനുള്ളത് ഇതാണ്, നിങ്ങള്‍ അവിടെ പോയിട്ട് ഒരു കാര്യവുമില്ല. ഇരുപതോ ഇരുപത്തഞ്ചോ ബറ്റാലിയനെ വിട്ടു ഓപറേഷന്‍ ആരംഭിക്കുകയാണ് ചെയ്യേണ്ടത്.

രാജ്നാഥ് സിംഗിനോട് എനിക്ക് ഒന്നു പറയാനുണ്ട്. സര്‍,നിങ്ങള്‍ നല്ലൊരു രാഷ്ട്രീയ നേതാവല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങയുടെ മേല്‍നോട്ടത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ചൂരലിന് അടി വാങ്ങുകയാണ്. അങ്ങയുടെ മേല്‍നോട്ടത്തില്‍ ജവാന്മാര്‍ വീരമൃത്യു പുല്‍കുകയാണ്.
അമിത് ഷാ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ക്ക് സുരക്ഷ ഒരുക്കുന്നതും ഇതേ ജവാന്മാരാണ് അങ്ങ് ഉള്‍പ്പെടെ എല്ലാവരും മനസിലാക്കണം.

ഒരു കാര്യം കൂടി രാജ് നാഥ് ജീ, താങ്കള്‍ക്കോ ബി.ജെ.പിയ്ക്കോ അല്ല ഞങ്ങള്‍ വോട്ട് നല്‍കിയത്, അത് ഞങ്ങള്‍ നല്‍കിയത് മോദിക്കാണ്. ഈ മോദിയെ നിങ്ങള്‍ തെറ്റായ ഉപദേശങ്ങള്‍ കൊടുത്തു വഴിതെറ്റിക്കുന്നു. നിങ്ങള്‍ ടി.വി ചാനലുകളില്‍ ഇരുന്നും മറ്റും ചര്‍ച്ചകള്‍ നടത്തുന്നത് കാണാം. പക്ഷെ ഒന്നു ചോദിക്കാതെ വയ്യ,പാകിസ്ഥാന്‍ നിങ്ങളുടെ ജവാന്മാരെ കൊന്നൊടുക്കിയപ്പോള്‍ സുരക്ഷിത്വത്തെ കുറിച്ചു ഇത്രയധികം ആശങ്കപ്പെടുന്നവര്‍ എവിടെയായിരുന്നു? പത്താന്‍ക്കോട്ട് എയര്‍ബേസ് തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ ഇവര്‍ എവിടെയായിരുന്നു?

നമ്മുടെ വീഴ്ചകള്‍ എന്താണ് എന്ന് നിങ്ങള്‍ പരിശോധിക്കുകയാണ് ചെയ്യേണ്ടത്. യാഥാര്‍ത്ഥ ന്യുനതകള്‍ മനസിലാക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം സമീപിക്കേണ്ടത് താഴെ തട്ടിലാണ്. സുഖ്മയിലെ സി.ആര്‍.പി.എഫ് ജവാന്മാര്‍ അത് പറഞ്ഞു തരും. സുരക്ഷാ മേധാവികളോടല്ല ഇതിനു ഉത്തരം തേടേണ്ടത്.
റോഡുകള്‍ നിര്‍മ്മിച്ചാല്‍ അത് സര്‍ക്കാരിന്റെ നേട്ടമാണ്. പക്ഷെ അതിനു ജീവന്‍ നല്‍കേണ്ടത് ജവാന്മാരാണ്.
രാജ്നാഥ് സിംഗ് ജീ, താങ്കള്‍ക്ക് അല്പമെങ്കിലും നാണമുണ്ടെങ്കില്‍ വീരചരമം പ്രാപിച്ച ജവാന്‍മാരുടെ ശരീരത്തിന് ബഹുമതികള്‍ അര്‍പ്പിക്കരുത്. അവരുടെ വീടുകളിലേക്ക് പോകു, അവരുടെ കുടുംബത്തിനു ആ ബഹുമതികള്‍ നല്‍കു.

മിശ്ര പറഞ്ഞു.

തങ്ങള്‍ നേരിടുന്ന അവഗണകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഭയക്കുന്ന ജവാന്മാരോട് മരണത്തെയാണ്‌ നിങ്ങള്‍ ഭയക്കുന്നത് എങ്കില്‍ ഓര്‍ക്കുക, ഏതായാലും ഒരിക്കല്‍ മരണം സുനിശ്ചിതമാണ് എന്നായിരുന്നു മിശ്രയുടെ ഉപദേശം.


കടുത്ത അച്ചടക്കനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിഞ്ഞിട്ടും തങ്ങള്‍ നേരിടുന്ന പ്രയാസങ്ങളെ സോഷ്യല്‍ മീഡിയ വഴി പരാതിപ്പെടുവാന്‍ ജവാന്മാര്‍ തയ്യാറാകുന്നു എന്നുള്ളത് നേതൃത്വത്തിന് നിസാരമായി കാണാന്‍ കഴിയില്ല.

സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി പരാതിപ്പെട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂറിനെ ശിക്ഷാനടപടികളുടെ ഭാഗമായി സേന ഡിസ്മിസ് ചെയ്തിരുന്നു.