ഓസ്‌ട്രേലിയയിലെ ഖനി പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ അദാനിയോട് ചാപ്പല്‍ സഹോദരങ്ങള്‍

പ്രോജക്റ്റുമായി മുമ്പോട്ട് പോകുന്നത് അന്താരാഷ്ട്ര ബന്ധങ്ങളേയും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തേയും ബാധിക്കുമെന്ന് ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയോട് ഓസ്‌ട്രേലിയിലെ നിര്‍ദ്ദിഷ്ട ഖനി പ്രോജക്റ്റില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഇതിഹാസങ്ങളായ ഗ്രെഗ് ചാപ്പലും സഹോദരന്‍ ഇയാന്‍ ചാപ്പലുമടക്കം നിരവധി പ്രമുഖര്‍ രംഗത്ത്. ക്വീന്‍സ്‌ലന്റില്‍ അദാനി ആരംഭിക്കാനിരിക്കുന്ന 21.7 മില്യന്റെ ഖനി പ്രോജക്റ്റില്‍ നിന്ന് പിന്‍മാറാനാണ് ആവശ്യം. പദ്ധതിയുമായി മുമ്പോട്ടു പോകുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ക്രിക്കറ്റ് അടക്കമുള്ള ബന്ധങ്ങളെ ബാധിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഫെഡറല്‍-ക്വീന്‍സ്‌ലാന്റ് ഗവണ്‍മെന്റുകളുടെ അനുമതിയോടെ ഈ വര്‍ഷം ആരംഭിക്കാനിരിക്കുന്ന പ്രോജക്റ്റിനെതിരെയാണ് ഓസ്‌ട്രേലിയയിലെ പ്രമുഖര്‍ രംഗത്തുവന്നിട്ടുള്ളത്. ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്കില്‍ 1.1 മില്യണ്‍ ക്യുബിക് മീറ്റര്‍ ആഴത്തില്‍ ഖനി ആരംഭിക്കാനുള്ള കാര്‍മിക്കാല്‍ പദ്ധതിയ്‌ക്കെതിരെയാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്.

ഗൗതം അദാനിയ്‌ക്കെഴുതിയ കത്തില്‍ പദ്ധതി ഖനി തൊഴിലാളികളുടെ ആരോഗ്യത്തേയും പരിസ്ഥിതി ലോല പ്രദേശമായ ഗ്രേറ്റ് ബാരിയര്‍ റീഫിനേയും മോശമായ രീതിയില്‍ ബാധിക്കുമെന്ന ആശങ്ക പങ്കുവയ്ക്കുന്നു. പദ്ധതിയുടെ നടത്തിപ്പ് കാലാവസ്ഥാ വ്യതിയാനത്തിന് പോലും കാരണമാകുമെന്ന് കത്തില്‍ പറയുന്നു. ഇന്ത്യയേയും ഓസ്‌ട്രേലിയയേയും ബന്ധിപ്പിക്കുന്നതില്‍ ക്രിക്കറ്റിന് പ്രധാനപ്പെട്ട പങ്കുണ്ടെന്ന് ഇയാന്‍ ചാപ്പല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഖനി നിര്‍മാണം ഈ ബന്ധത്തെ മോശമായി ബാധിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടുകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ചാപ്പല്‍ പ്രസ്താവനയില്‍ പറയുന്നു. ഖനി നിര്‍മാണവുമായി മുമ്പോട്ടുപോകാതെ പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ ആരംഭിക്കാന്‍ അദാനിയോട് കത്തില്‍ ആവശ്യപ്പെടുന്നു. ഖനിയില്‍ നിന്നുള്ള അമിതമായ ചൂട് കാലാവസ്ഥക്ക് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് ആഗോളതാപനത്തിനും കാരണമാകുമെന്ന് കത്ത് പറയുന്നു.

ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമേ എഴുത്തുകാരായ റിച്ചാര്‍ഡ് ഫ്‌ളാന്‍ഗന്‍, ടിം വിന്റന്‍, ടെല്‍സ്ട്ര ചെയര്‍മാന്‍ ജോണ്‍ മള്ളന്‍, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ മാര്‍ക്ക് ബറോസ് എന്നിവരും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ കമ്യൂണിറ്റി പ്രതിനിധി വഴി അദാനിയുടെ കമ്പനിയുടെ ഗുജറാത്തിലെ ആസ്ഥാനത്ത് കത്ത് എത്തിക്കാമെന്നാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നവരുടെ കണക്കുകൂട്ടല്‍.