ആഢംബര ജീവിതം; രാജ്യസഭ എംപിയെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു

കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാനസെക്രട്ടറി സൂര്യകാന്ത മിശ്രയാണ് തീരുമാനം പ്രഖ്യാപിച്ചത്.

ആഢംബര ജീവിതം; രാജ്യസഭ എംപിയെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു

ആഢംബര ജീവിതം നയിച്ച രാജ്യസഭാ എംപിയെ സിപിഐഎം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പശ്ചിമബംഗാളില്‍ നിന്നുള്ള എംപി റിതബ്രത ബാനര്‍ജിയെയാണ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാനസെക്രട്ടറി സൂര്യകാന്ത മിശ്രയാണ് തീരുമാനം പ്രഖ്യാപിച്ചത്.

വിലകൂടിയ ആപ്പിള്‍ വാച്ചും ധനാഢ്യരുപയോഗിക്കുന്ന മോണ്ട് ബ്ലാങ്ക് പേനയുമുള്‍പ്പെടെയുള്ളവ ധരിച്ചാണ് ബാനര്‍ജി പൊതുവേദികളിലെത്തിരുന്നത്. എംപിയുടെ ആഢംബര ജീവിതത്തെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. അന്ന് ആഢംബരമൊഴിവാക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നെങ്കിലും ബാനര്‍ജി അത് ചെവിക്കൊണ്ടിരുന്നില്ല.

എംപിയുടെ നടപടികളില്‍ പാര്‍ട്ടിക്ക് കാലങ്ങളായി അതൃപ്തിയുണ്ടായിരുന്നു.ഇതുകൂടി നടപടിക്ക് കാരണമായി. കഴിഞ്ഞമാസം നടന്ന നബന്ന ചലോ പ്രതിഷേധ മാര്‍ച്ചില്‍ എംപിയുടെ സംഘാടനത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു.

തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പോരായ്മകളെ സംബന്ധിച്ച് പരസ്യമായ നിലപാടെടുത്താണ് ബാനര്‍ജി ദേശീയതലത്തില്‍ ശ്രദ്ധേയനായത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത്തരം നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ബാനര്‍ജിയുടെ അഭിപ്രായം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആഢംബര വിവാദമെത്തിയത്.