തെലങ്കാനയിലെ സിപിഐഎം മഹാജനപദയാത്രക്ക് ഇന്നു സമാപനം; പിണറായി വിജയന്‍ മുഖ്യാതിഥിയാകും

സാമൂഹ്യനീതിയെന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് തെലങ്കാനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രം മഹാജനപദയാത്ര നയിച്ചത്. അഞ്ചുമാസം കൊണ്ട് നാലായിരത്തോളം കിലോമീറ്റര്‍ ജാഥ പിന്നിട്ടു. പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് ബിജെപി എംഎല്‍എ രാജാസിങ്‌ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ സുരക്ഷക്കായി വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

തെലങ്കാനയിലെ സിപിഐഎം മഹാജനപദയാത്രക്ക് ഇന്നു സമാപനം; പിണറായി വിജയന്‍ മുഖ്യാതിഥിയാകും

സാമൂഹ്യനീതിക്കായി തെലങ്കാനയില്‍ സിപിഐഎം സംഘടിപ്പിച്ച മഹാജനപദയാത്രക്ക് ഇന്ന് സമാപനം. ഹൈദരാബാദിലെ സരൂര്‍ നഗര്‍ മൈതാനിയില്‍ നടക്കുന്ന വന്‍ റാലിയിലും പൊതുയോഗത്തിലും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥി.

പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് ബിജെപി എംഎല്‍എ രാജാസിങ്‌ ഭീഷണി മുഴക്കിയിരുന്നു. ബിജെപി ഭീഷണിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയതായി തെലങ്കാന പോലീസ് അറിയിച്ചു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി ഹൈദരാബാദിലെത്തുന്നത്. വൈകിട്ട് ആറിനാണ് സമാപന സമ്മേളനം.

ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും മൂന്നേക്കര്‍ ഭൂമി നല്‍കുക. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് രണ്ടു മുറികളോടു കൂടിയ വീട് നിര്‍മിച്ചുനല്‍കുക, സ്വകാര്യമേഖലയിലും സംവരണം നടത്താനാവശ്യമായ നിയമനിര്‍മ്മാണം നടപ്പാക്കുക, എസ്‌സി-എസ്ടി സംവരണം പത്തുശതമാനമായി വര്‍ധിപ്പിക്കുക, മുസ്ലീങ്ങള്‍ക്ക് 12 ശതമാനം സംവരണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ 17 നാണ് ഹൈദരാബാദിലെ ഇബ്രാഹിം പട്ടണത്ത് മഹാജനപദയാത്രക്ക് തുടക്കംകുറിച്ചത്. സിപിഐഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രം നയിച്ച പദയാത്ര അഞ്ചുമാസം കൊണ്ട് 4000 കിലോമീറ്ററാണ് സഞ്ചരിച്ചത്.