പശുവിന്റെ നാമത്തില്‍: മൂന്നു മുസ്ലിം യുവാക്കളെ ബിജെപി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ കലാപം സൃഷ്ടിച്ച് അടിച്ചു കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന പ്രചരണം നടത്തിയാണു കന്നുകാലി വ്യാപാരികളായ മൂന്നു മുസ്ലീം യുവാക്കളെ നൂറിലേറെ വരുന്ന അക്രമികള്‍ അടിച്ചു കൊന്നത്. ഒരാളെ കാണാനില്ല. ജാംഷഡ്പൂരിനടുത്തുള്ള രാജ്‌നഗറിലെ മാര്‍ക്കറ്റില്‍ നിന്നു കന്നുകാലികളെ വാങ്ങാന്‍ പോകുന്നതിനിടെയാണ് ആക്രമണം. ഇംഗ്ലീഷ് ദിനപ്പത്രം ടെലഗ്രാഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പശുവിന്റെ നാമത്തില്‍: മൂന്നു മുസ്ലിം യുവാക്കളെ ബിജെപി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ കലാപം സൃഷ്ടിച്ച് അടിച്ചു കൊന്നു

കന്നുകാലി വ്യാപാരികളായ മൂന്ന് മുസ്ലീം യുവാക്കളെ നൂറിലേറെ വരുന്ന അക്രമി സംഘം അടിച്ചുകൊന്നു. ഝാര്‍ഖണ്ഡിലെ ഷോഭാപൂരിലാണ് വ്യാജപ്രചരണം നടത്തി ആൾക്കൂട്ട ആക്രമണം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഹാല്‍ദിപൊഖാറില്‍ നിന്നും രാജ്‌നഗറിലേക്ക് കന്നുകാലികളെ വാങ്ങാന്‍ പോകുമ്പോഴാണ് സംഭവം. ഷേക്ക് നയിം(35), ഷേക്ക് സജ്ജു(25), ഷേക്ക് സിറാജ്(26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷേക്ക് ഹാലിം എന്നയാളെക്കുറിച്ച് വിവരമില്ല.

രാജ്‌നഗറില്‍ നിന്ന് കന്നുകാലികളെ വാങ്ങി ശനിയാഴ്ച ഹാല്‍ദിപൊഖാറില്‍ നടക്കുന്ന ചന്തയില്‍ വില്‍ക്കുകയാണ് പതിവ്. ഇതിനായി കാലികളെ വാങ്ങാനാണു നാലു പേരും രാത്രി കാറില്‍ പുറപ്പെട്ടത്. ഹെസല്‍ എന്ന ഗ്രാമത്തില്‍ നൂറോളം പേര്‍ ഇവരെ തടഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇവരെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ധാരു എന്ന ഗ്രാമത്തില്‍വച്ചു കാര്‍ തടഞ്ഞു നിര്‍ത്തി നയിമിനെ പിടിച്ചിറക്കി മര്‍ദ്ദിച്ചു. സെറായ്‌കേല സബ് ഡിവിഷണല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമായിരുന്നു നയീമിന്റെ മരണം.

ഇവിടെ നിന്നു രക്ഷപ്പെട്ട മറ്റു മൂന്നു പേര്‍ ഷോഭാപൂര്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ അഭയം തേടി. എന്നാല്‍ പിന്നാലെയെത്തിയ അക്രമികള്‍ ഇവരെ കണ്ടെത്തി അടിച്ചു കൊല്ലുകയായിരുന്നു.

അതിനിടെ അക്രമകാരികളെ തടയാന്‍ ശ്രമിച്ച രാജ്‌നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ തുലേശ്വര്‍ ഖുശ്‌വാഹയേയും മറ്റ് രണ്ട് പൊലീസുകാരെയും അക്രമികള്‍ മര്‍ദ്ദിച്ചു. പൊലീസ് ജീപ്പും കൊല്ലപ്പെട്ടവര്‍ സഞ്ചരിച്ച കാറും അക്രമികള്‍ അഗ്നിക്കിരയാക്കി.


ആക്രമണത്തിന് വര്‍ഗ്ഗീയ കലാപത്തിന്റെ സ്വഭാവമില്ലെന്നാണു പൊലീസ് വിശദീകരണം. എന്നാല്‍ ബിജെപി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടു പേരെ കൊലപെടുത്തിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ഷേഭാപൂരിലുണ്ടെന്ന് ഒരാഴ്ച മുമ്പേ ഇവിടെ ശക്തമായ പ്രചാരണമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു.