കശാപ്പു നിരോധനം; ലാഭം സംഘപരിവാർ എൻജിഒകൾക്ക്; പശുക്കൾക്ക് ഇനി ഗോശാലകളിൽ ദുർമരണം

കശാപ്പു നിരോധനം നടപ്പിൽ വരുന്നതോടെ രാജ്യവ്യാപകമായി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള അവസരം സംഘപരിവാർ നിയന്ത്രണത്തിലുള്ള എൻജിഒകൾക്ക് ലഭിക്കും. ഗോശാലകൾ എന്ന പേരിൽ കൊട്ടിഘോഷിക്കപ്പെടുന്ന സംരക്ഷണ കേന്ദ്രങ്ങളിൽ നരകതുല്യമായ പീഡനവും മരണവുമാണ് പശുക്കളെ കാത്തിരിക്കുന്നത്.

കശാപ്പു നിരോധനം; ലാഭം സംഘപരിവാർ എൻജിഒകൾക്ക്; പശുക്കൾക്ക് ഇനി ഗോശാലകളിൽ ദുർമരണം

കശാപ്പിനു വേണ്ടി കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം മൂലം ലാഭം കൊയ്യുന്നത് സംഘപരിവാർ എൻജിഒകൾ. വലിയ ഫണ്ടുകൾ സ്വീകരിച്ച് പശു സംരക്ഷണ മേഖലയിൽ ഗോശാലകൾ ഉൾപ്പെടെ നടത്തുന്ന നിരവധി സംഘപരിവാർ എൻജിഒകൾക്ക് രാജ്യം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് കശാപ്പു നിരോധനം എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോൾ യഥാർത്ഥത്തിൽ, ഗോശാലകളിൽ അത്യന്തം ക്രൂരമായി മരണം വരിക്കാനാവും പശുക്കളുടെ യോഗം.

ഗോ സംരക്ഷണം എന്ന ലാഭക്കച്ചവടം

ഗോ സംരക്ഷണമേഖലയിൽ നിരവധി എൻജിഒകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർ വലിയ തുകകളാണ് സംഭാവനകളാണ് സ്വീകരിക്കുന്നത്. ഗോ സംരക്ഷണ അവബോധ പരിപാടികൾ, പശുക്കൾക്കായുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, ഗോശാലകൾ എന്നിവ ഇത്തരം സംഘടനകൾ നടത്തിവരുന്നുണ്ട്.

പശുവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അക്രമങ്ങൾക്ക് പിന്നിൽ ഇത്തരം എൻജിഒകളുടെ പങ്ക് പലതവണ വെളിച്ചത്തുവന്നതാണ്. അക്രമ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സും ഇത്തരം സംഘടനകൾ തന്നെയാണ്.

കശാപ്പു നിരോധനം നടപ്പിൽ വരുന്നതോടെ രാജ്യവ്യാപകമായി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള അവസരമാണ് ഇത്തരം സംഘടനകൾക്ക് ലഭിക്കുക. ഇതുവഴി ഉയർന്ന ധനശേഖരണവും നടത്താൻ കഴിയും. രാജ്യത്തെ പല കോർപ്പറേറ്റ് കമ്പനികൾ ഉൾപ്പെടെ അവരുടെ 'കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി' പ്രവർത്തങ്ങളുടെ ഭാഗമായി ഉയർന്ന തുക ഇവർക്ക് സംഭാവനയായി നൽകുന്നുണ്ട്.

നരകം വിധിക്കുന്ന ഗോശാലകൾ

പശുക്കളെ സംരക്ഷിക്കാനായി സർക്കാർ - എൻജിഒ ഉടമസ്ഥതകളിൽ നടത്തി വരുന്ന ഗോശാലകളിൽ പശുക്കൾക്ക് ക്രൂരമായ മരണമാണ് പശുക്കളെ കാത്തിരിക്കുന്നത്. 2016ൽ രാജസ്ഥാനിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ജയ്‌പൂർ ഹിങ്കോണിയ ഗോശാലയിൽ 8,122 പശുക്കളാണ് ചത്തൊടുങ്ങിയത്. ഈ വാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് ഗോശാലയിലെ പശുക്കളുടെ ദുരിതം പുറംലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്.


പ്രായമായതും അസുഖം ബാധിച്ചതുമായ പശുക്കളെ യാതൊരു പരിചരണവും നൽകാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് വളർത്തുന്നത്. കൃത്യമായ ഭക്ഷണമോ വെള്ളമോ ലഭിക്കാതെയാണ് പലപ്പോഴും ഗോശാലകളിൽ പശുക്കൾ കൂട്ട മരണങ്ങൾക്കിരയാവുന്നത്. പശുക്കളെ കശാപ്പുകാർക്കു വിൽക്കുന്നുവെന്നും തോൽ കച്ചവടത്തിൽ പങ്കാളികളാകുന്നുവെന്നും പല ഗോശാലകൾക്കുനേരെയും ആരോപണം ഉയർന്നിട്ടുണ്ട്.

പശുക്കൾക്ക് കൂട്ടമൃത്യു സംഭവിച്ച ഹിങ്കോണിയ ഗോശാലയിൽ പശുക്കൾക്ക് കൃത്യമായ മരുന്നോ ഭക്ഷണമോ ലഭിച്ചിരുന്നില്ല. 14 മൃഗ ഡോക്ടർമാരും 24 ലൈഫ്‌സ്‌റ്റോക് അസിസ്റ്റന്റുമാരും 200 ജീവനക്കാരും ജോലി ചെയ്യുന്ന ഹിങ്കോണിയ ഗോശാലയ്ക്ക് ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസം സംസ്ഥാന ഖജനാവിൽ നിന്നും ചെലവഴിച്ചിരുന്നത്.

പുതിയ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാരുകൾക്ക് ഗോശാലകൾ തുറക്കേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയിൽപെട്ട കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഇത് നൽകുന്ന അമിത സാമ്പത്തിക ബാധ്യത ഭീകരമായിരിക്കും.