അർത്ഥ ശാസ്ത്രത്തിലെ ജിഎസ്ടി, മനുസ്‌മൃതിയിലെ ആഗോളവത്കരണം; ബനാറസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ഞെട്ടി

കൗടില്യന്റെ അർത്ഥശാസ്ത്രത്തിലെ ജിസ്ടിയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും, ആഗോളവത്കരണത്തിന്റെ ആദ്യ ചിന്തകൻ മനുവാണെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുമുള്ള ചോദ്യങ്ങൾ 'പ്രാചീന-മധ്യകാല ഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ ചിന്ത' എന്ന വിഷയത്തിലെ സിലബസിൽ ഇല്ലാത്തതാണെന്നു ചൂണ്ടികാട്ടി വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെയാണ് ചോദ്യങ്ങൾ ചർച്ചയാവാൻ തുടങ്ങിയത്.

അർത്ഥ ശാസ്ത്രത്തിലെ ജിഎസ്ടി, മനുസ്‌മൃതിയിലെ ആഗോളവത്കരണം; ബനാറസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ഞെട്ടി

ബനാറസ് ഹിന്ദു സർവകലാശാല എംഎ പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറിലെ ചോദ്യങ്ങൾ വിവാദമാകുന്നു. പുരാതന, മധ്യ കാലഘട്ടങ്ങളിലെ സാമൂഹിക രാഷ്ട്രീയ ചിന്തകളെന്ന വിഷയത്തെക്കുറിച്ചുള്ള ചോദ്യപേപ്പറിലാണ് വിവാദ ചോദ്യങ്ങളുള്ളത്. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ ജിഎസ്ടിയുടെ സ്വഭാവത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും, ആഗോളവത്കരണത്തിന്റെ ഇന്ത്യയിലെ ആദ്യ ചിന്തകൻ മനു ആണെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുമുള്ള 15 മാർക്കിന്റെ രണ്ടു ചോദ്യങ്ങളാണ് വിവാദമാവുന്നത്. പൊളിറ്റിക്കൽ സയൻസ് വിഭാ​ഗം പ്രൊഫസറും ആർഎസ്എസ് അനുഭാവിയുമായ കൗശൽ കിഷോർ മിശ്രയാണ് സിലബസിൽ ഇല്ലാത്ത ചോദ്യങ്ങൾ തയ്യാറാക്കിയത്.

എന്നാൽ രണ്ടു ചിന്തകരുടെ തത്വചിന്തകളും പഠനങ്ങളും പുതിയ കാലത്തെ ഉദാഹരണങ്ങളായ ജിഎസ്ടിയും ആധുനികവത്‌ക്കരണവും മുൻനിർത്തി ചർച്ച ചെയ്യുകയാണ് ചോദ്യങ്ങളുടെ ലക്ഷ്യമെന്ന് മിശ്ര വ്യക്തമാക്കി. ഈ ഉദാഹരണങ്ങൾ ഉൾപ്പെടുത്തി ചോദ്യങ്ങൾ തയ്യാറാക്കിയത് തൻ്റെ ആശയമാണെന്നും ഇതൊന്നും പാഠപുസ്‌തകത്തിൽ ഇല്ലെങ്കിൽ എന്താണ് കുഴപ്പമെന്നും മിശ്ര ചോദിച്ചു. പുതിയ അധ്യാപന രീതി കണ്ടുപിടിക്കുക എന്നത് തൻ്റെ ജോലിയല്ലെന്നും മിശ്ര കൂട്ടിച്ചേർത്തു.

ജിഎസ്ടി പരിചയപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ പുസ്‌തകമാണ്‌ കൗടില്യന്റെ അർത്ഥശാസ്ത്രം. ജിഎസ്ടി ഉപഭോക്താവിന് കൂടുതൽ ലാഭം ഉണ്ടാക്കുകയും രാജ്യത്തിന്റെ സാമ്പത്തിക ഏകീകരണത്തിനു കാരണമാകുകയും ചെയ്യുന്നുണ്ട്. ലോകത്ത് ആഗോളവത്കരണം പരിചയപ്പെടുത്തുന്ന ആദ്യ തത്വചിന്തകൻ മനുവാണ്. ചൈന, ഫിലിപ്പീൻസ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ മത, ഭാഷ, രാഷ്ട്രീയം തുടങ്ങിയവ മനുവിന്റെ ചിന്തകളിൽ നിന്നും കടമെടുത്തതാണെന്നും മിശ്ര കൂട്ടിച്ചേർത്തു.

ചോദ്യങ്ങൾ ഉണ്ടാക്കുക എന്നത് ഒരു അധ്യാപകന്റെ അവകാശമാണ്. അധ്യാപകന് പാണ്ഡിത്യമില്ലാത്ത, അദ്ദേഹം പഠിപ്പിക്കാത്ത വിഷയങ്ങളിൽ നിന്നല്ലാതെ ഒരിക്കലും ഒരു അധ്യാപകൻ ചോദ്യങ്ങൾ തയ്യാറാക്കുകയില്ല. അതുകൊണ്ട് ചോദ്യക്കടലാസിലെ ചോദ്യങ്ങൾ സിലബസ്സിൽ ഇല്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സർവകലാശാല വകുപ്പ് മേധാവി ആർ പി സിംഗ് വ്യക്തമാക്കി.

Read More >>