ട്രെയിനില്‍ ബുക്ക് ചെയ്ത സീറ്റ് നഷ്ടമായയാള്‍ക്ക് 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

സംഭവം നടന്ന സമയം ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധകന്റെ ശമ്പളത്തില്‍ നിന്ന് പിഴ തുകയുടെ മൂന്നിലൊന്ന് ഈടാക്കാനും കോടതി വിധിയില്‍ പറയുന്നു.

ട്രെയിനില്‍ ബുക്ക് ചെയ്ത സീറ്റ് നഷ്ടമായയാള്‍ക്ക് 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ട്രെയിനില്‍ ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ ഇരുന്ന് യാത്ര ചെയ്തതിനെത്തുടര്‍ന്ന് സീറ്റ് നഷ്ടമായ ആള്‍ക്ക് 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഡല്‍ഹി ഉപഭോക്ത തര്‍ക്ക പരിഹാര സെല്ലാണ് പിഴ വിധിച്ചത്. സംഭവം നടന്ന സമയം ട്രെയിനിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധകന്റെ ശമ്പളത്തില്‍ നിന്ന് പിഴ തുകയുടെ മൂന്നിലൊന്ന് ഈടാക്കാനും കോടതി വിധിയില്‍ പറയുന്നു. ''ബുക്ക് ചെയ്ത യാത്രക്കാരന് സീറ്റ് നഷ്ടമായതില്‍ ടിക്കറ്റ് പരിശോധകന് തെറ്റുപറ്റിയിട്ടുണ്ട്'' ജസ്റ്റിസ് വീണ ബീര്‍ബല്‍ പറഞ്ഞു.

ഡല്‍ഹി സ്വദേശിയായ വി വിജയകുമാറിന്റെ പരാതിയിലാണ് നടപടി. 2013 മാര്‍ച്ച് 30ന് ദക്ഷിണ്‍ എക്‌സ്പ്രസില്‍ വിശാഖപട്ടണത്തു നിന്ന് ഡല്‍ഹിക്ക് യാത്ര ചെയ്യവേയാണ് വിജയകുമാറിന് ബുക്ക് ചെയ്ത സീറ്റ് നഷ്ടമായത്. മുട്ടിന് വേദനയുള്ള ഇദ്ദേഹം ബുക്ക് ചെയ്ത ലോവര്‍ സീറ്റാണ് മറ്റ് ചില യാത്രക്കാര്‍ കൈവശപ്പെടുത്തിയത്. സീറ്റ് അപഹരിച്ചവര്‍ യാത്രയിലുടനീളം ബഹളം വെച്ചതായും വിജയകുമാറിന്റെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് പരാതി പറയാന്‍ ശ്രമിച്ചെങ്കിലും ടിടിഇ അടക്കമുള്ള റെയില്‍വേ ജീവനക്കാര്‍ ആരും ആ സമയത്ത് ട്രെയിനിലുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.