പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ത്രിമുഖ തന്ത്രവുമായി കോണ്‍ഗ്രസ്; മോദി പ്രധാനമന്ത്രിയാവുന്നതു തടയും

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികളും പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതിനാലാലാണ് കോൺഗ്രസ് അവരെയും കൂടെ നിർത്തുന്നത്.

പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ത്രിമുഖ തന്ത്രവുമായി കോണ്‍ഗ്രസ്; മോദി പ്രധാനമന്ത്രിയാവുന്നതു തടയും

പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ത്രിമുഖ തന്ത്രവുമായി കോണ്‍ഗ്രസ്. യു.പി, ബിഹാര്‍, മഹാരാഷ്ട്ര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുക, ഇടതുപക്ഷത്തെ ഒപ്പം നിർത്തുക, ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും മോദി പ്രധാനമന്ത്രിയാകുന്ന തടയുക എന്നിവയാണ് ത്രിമുഖ തന്ത്രത്തിൽ പെടുന്നത്.

ആര്‍എസ്എസിന്റെ പിന്തണയില്ലാത്ത ആരെയും പിന്തുണക്കാമെന്ന നിലപാട് കോൺഗ്രസ്സ് തുടരും. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികളും പ്രധാന പങ്ക് വഹിക്കും എന്നതിനാലാണ് അവരെ കൂടെ നിർത്തുന്നത്.

മോദിക്കെതിരെ രാഹുലിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന ആദ്യ ധാരണ പൂർണമായി ഉപേക്ഷിച്ച് കൊണ്ട് പ്രതിപക്ഷത്തെ യോജിപ്പിച്ച് ബിജെപിയെ നേരിടുക എന്നതിലേക്ക് തന്ത്രം മാറ്റാൻ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിപ്രായപ്പെടുകയായിരുന്നു.

ലോക്സഭാ തെരഞെടുപ്പിൽ ബിജെപിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കുക എന്നതിന് സഹായകമാകുന്ന നിലപാട് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ബിജെപിയുടെ സീറ്റുകള്‍ പരമാവധി സീറ്റുകള്‍ കുറയ്ക്കുക വഴി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും മോദി പ്രധാനമന്ത്രിയാകുന്ന തടയുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്‌ഷ്യം.

ഡൽഹിയിൽ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ, രാഹുൽ ഗാന്ധിയുടെ അഭിപ്രായം ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയായിരുന്നു. രാഹുൽ, കോണ്‍ഗ്രസ് അധ്യക്ഷ പദവിയിൽ എത്തിയ ശേഷം നടക്കുന്ന രണ്ടാമത്തെ പ്രവർത്തക സമിതി യോഗമാണ് ഇത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം പ്രാഥമികമായി ചർച്ച ചെയ്തു.

മുതിർന്ന നേതാക്കളായ മൻമോഹൻ സിംഗ്, ഗുലാം നബി ആസാദ്, ഷീലാ ദീക്ഷിത്, എ കെ ആന്‍റണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രവർത്തക സമിതിയിലെ പുതിയ അംഗങ്ങളായ ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലും യോഗത്തിൽ തങ്ങളുടെ നിരീക്ഷണങ്ങൾ വ്യക്തമാക്കി. പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായുള്ള ധാരണ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം പാടില്ല. പകരം എന്‍സിപിയുമായി സഖ്യം ആകാം. ജാര്‍ഖണ്ഡില്‍ ജെഎംഎമ്മും തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും ഒപ്പം സഖ്യമായിട്ടാകും കോണ്‍ഗ്രസ് മത്സരിക്കുക എന്നും യോഗം തീരുമാനിച്ചു.

യു.പി, ബിഹാര്‍, മഹാരാഷ്ട്ര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ വിശാല പ്രതിപക്ഷ സഖ്യം രൂപവത്കരിക്കുന്നതോടെ ബിജെപിയുടെ സീറ്റ് ഗണ്യമായി കുറയുമെന്ന് യോഗം വിലയിരുത്തി. യുപിയില്‍ എസ്.പി-ബി.എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനുള്ള ധാരണയായിക്കഴിഞ്ഞു. ഓരോ പാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ച് മാത്രമാണ് അന്തിമ രൂപമാകാനുള്ളത്. യുപിയിൽ 80 സീറ്റാണ് ഉള്ളത്.

ഈ വിശാല സഖ്യത്തിലേക്ക് അജിത് സിങ്ങിന്റെ ആര്‍എല്‍ഡിയേയും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിൽ ഇത്തവണ കൂടുതൽ ജാഗ്രത പുലർത്താൻ രാഹുൽ നിർദേശിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവടങ്ങളിലാണ് ജാഗ്രത പുലർത്തി കൂടുതൽ സീറ്റ് നേടേണ്ടത്. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി യോഗത്തിൽ പങ്കെടുത്തില്ല.

Read More >>